കൊറോണ പടരുന്നു; ഏഴ് രാജ്യങ്ങള്‍ക്ക് ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി സൗദി

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈന ഉള്‍പ്പടെ ഏഴ് രാജ്യങ്ങള്‍ക്ക് ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ നല്‍കുന്നത് സൗദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തി.

ചൈനയ്ക്ക് പുറമേ, ഇറ്റലി, കൊറിയ, ജപ്പാന്‍, മലേഷ്യ, സിംഗപ്പൂര്‍, കസാഖിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്കുള്ള ഇലക്ട്രോണിക് ടൂറിസ്റ്റ് വിസകളാണ് നിര്‍ത്തിയത്.

ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മുമ്പ് അനുവദിച്ച ടൂറിസ്റ്റ് വിസകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും മന്ത്രാലയം തീരുമാനിച്ചു.

സൗദി ടൂറിസം മന്ത്രാലയമാണ് ഈ സുപ്രധാന തീരുമാനം എടുത്തതെന്ന് സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് സൗദി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയ പ്രഖ്യാപനം വന്നിരുന്നു.

ഉംറയോടൊപ്പം നിര്‍വഹിക്കുന്ന മദീന സന്ദര്‍ശനവും ഇതോടൊപ്പം നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഇതിനിടെ കുവൈത്തില്‍ മാര്‍ച്ച് ഒന്ന് മുതല്‍ 14 വരെ സ്‌കൂളുകള്‍ അടച്ചിടാന്‍ ഗവണ്‍മെന്റ് ഉത്തരവിട്ടിരുന്നു. ബഹറൈനില്‍ ഫെബ്രുവരി 26 മുതല്‍ രണ്ടാഴ്ചത്തേയ്ക്ക് സ്‌കൂളുകള്‍ അവധിയാണ്.

ഇതിനിടെ രാജ്യാന്തര സൈക്കിള്‍ മത്സരമായ ‘യു.എ.ഇ ടൂര്‍ 2020’ സംഘാടകര്‍റദ്ദാക്കി. അബുദാബി സ്പോര്‍ട്സ് കൗണ്‍സിലുമായി സഹകരിച്ച് ഫെബ്രുവരി 23 ന് ആരംഭിച്ച് 29 വരെ നടക്കേണ്ടിയിരുന്ന സൈക്കിള്‍ മത്സരമാണ് സമാപനത്തിന് രണ്ടുദിവസം മുമ്പേ സംഘാടകര്‍ നിര്‍ത്തിച്ചത്.

മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയ രണ്ട് ഇറ്റാലിയന്‍ സൈക്കിള്‍ താരങ്ങള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെയാണിത്. ഇതോടെ കൂടുതല്‍ ആശങ്ക പടരാതിരിക്കാന്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്ത മത്സരം സംഘാടകര്‍ റദ്ദാക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News