സംയുക്തയെയും ഗീതുവിനെയും വിസ്തരിച്ചു; നിര്‍ണായകമാകുന്നത് ഇരുവരുടെയും മൊഴികള്‍; ദിലീപിന്റെ കുരുക്ക് മുറുകും

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സംയുക്താ വര്‍മ്മയെയും ഗീതു മോഹന്‍ദാസിനെയും വിസ്തരിച്ചു.

കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിലാണ് വിസ്താരം. ആക്രമിക്കപ്പെട്ട നടിയുമായി ദിലീപിന് മുന്‍വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ഇരുവരുടെയും മൊഴികളാണ് വിസ്താരത്തില്‍ നിര്‍ണായകമാകുന്നത്.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക സാക്ഷികളുടെ വിസ്താരണമാണ് കോടതിയില്‍ നടക്കുന്നത്. സാക്ഷി വിസ്താരത്തിനായി നടിമാരായ സംയുക്താ വര്‍മ്മയും ഗീതു മോഹന്‍ദാസും എത്തിയിരുന്നു. നടന്‍ കുഞ്ചാക്കോ ബോബന്‍ ഹാജരാകേണ്ടിയിരുന്നെങ്കിലും എത്തിയില്ല.

മഞ്ജുവാര്യരുടെ അടുത്ത സുഹ്യത്തുക്കള്‍ എന്ന നിലയില്‍ ഇരയാക്കപ്പെട്ട നടിയും ദിലീപും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ ഇവരക്കറിയാമെന്നതിനാലാണ് സാക്ഷി പട്ടികയില്‍ ഇവരെ ഉള്‍പ്പെടുത്തിയത്. മഞ്ജുവാര്യരുമായുളള കുടുംബബന്ധം തകരാന്‍ കാരണം ആക്രമിക്കപ്പെട്ട നടിയാണെന്ന ദിലീപിന്റെ വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രോസിക്യൂഷന്‍ വാദം.

കാവ്യയും ദിലീപും തമ്മിലുളള ബന്ധത്തെക്കുറിച്ച് ആക്രമിക്കപ്പെട്ട നടിയോട് മഞ്ജുവാര്യര്‍ ചോദിക്കുമ്പോള്‍ സുഹൃത്തുക്കളായ ഗീതു മോഹന്‍ദാസും സംയുക്താവര്‍മ്മയും സാക്ഷികളാണ്.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ നല്‍കിയ മൊഴികള്‍ ഇവര്‍ കോടതിയിലും ആവര്‍ത്തിക്കുമോയെന്നതാണ് നിര്‍ണായകം. 138 സാക്ഷികളെയാണ് ആദ്യഘട്ടത്തില്‍ വിസ്തരിക്കുന്നത്. കഴിഞ്ഞ ദിവസം മഞ്ജുവാര്യരുടെ സാക്ഷി വിസ്താരം പൂര്ത്തിയാക്കിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here