വര്‍ഗീയകലാപം നടത്താനുള്ള സംഘപരിവാര്‍ ശ്രമത്തിനെതിരെ സിപിഐഎം; മാര്‍ച്ച് അഞ്ചിന് ജനജാഗ്രതാ സദസ്സ്

രാജ്യത്താകെ വര്‍ഗ്ഗീയകലാപം നടത്തുവാനുള്ള സംഘപരിവാര്‍ ശ്രമത്തിനെതിരെ മാര്‍ച്ച് 5ന് വൈകീട്ട് 5.00 മണിക്ക് ഏരിയാ കേന്ദ്രങ്ങളില്‍ ‘ജനജാഗ്രതാ സദസ്സ്’ സംഘടിപ്പിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിശ്ചയിച്ചു.

എല്ലാ ജനാധിപത്യ മതനിരപേക്ഷ ശക്തികളോടും ജാഗ്രതാ സദസ്സിന്റെ ഭാഗമാകാന്‍ സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.

അങ്ങേയറ്റം ആസൂത്രതിമായാണ് ദില്ലിയില്‍ കലാപം നടത്തിയത്. ഗുജറാത്തിലെ വംശഹത്യയ്ക്ക് സമാനമായ രീതികളാണ് ഇവിടേയും അവലംബിച്ചത്. മതത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യരെ വേട്ടയാടുകയാണ് ചെയ്തത്.

മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഭരണഘടനാപരമായി ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ കാഴ്ച്ചക്കാരായി, കലാപകാരികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം നല്‍കി. ആക്രമണത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാക്കള്‍ക്കെതിരെ എന്തുകൊണ്ട് കേസ്സെടുത്തില്ലെന്ന് ചോദിച്ച ഹൈക്കോടതി ജഡ്ജിയെ രായ്ക്കുരാമാനം സ്ഥലം മാറ്റി.

ജനാധിപത്യ വ്യവസ്ഥയില്‍ സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ജനങ്ങളില്‍ ഒരു വിഭാഗത്തെ വര്‍ഗ്ഗീയ ഭ്രാന്തുള്ളവരാക്കി മാറ്റി എന്തും ചെയ്യാന്‍ മടിയില്ലാത്തവരാക്കാന്‍ ശ്രമിയ്ക്കുന്നു.

ഗുജറാത്തിനും യു.പിയ്ക്കും ദില്ലിയ്ക്കും ശേഷം ഇനി എവിടെ കലാപം സൃഷ്ടിക്കണമെന്ന ആലോചനയിലാണ് സംഘപരിവാര്‍. വര്‍ഗ്ഗീയ പരാമര്‍ശങ്ങളിലൂടെ ആക്രമണത്തിന് ആഹ്വാനം ചെയ്ത മലയാളിയെ, കേന്ദ്രമന്ത്രി തന്നെ ന്യായീകരിച്ചത് ഞെട്ടിപ്പിക്കുന്നതാണ്.

മതത്തിന്റെ അടിസ്ഥാനത്തില്‍ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നതിനെ പിന്തുണച്ചതിലൂടെ സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയത്. കേരളത്തിലും വര്‍ഗ്ഗീയ ധ്രുവീകരണത്തിനാണ് ഇവര്‍ ശ്രമിയ്ക്കുന്നത്. അതിനെതിരെ മതനിരപേക്ഷ ശക്തികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടതുണ്ട്.

എന്നാല്‍ ഇസ്ലാമികമായ കേന്ദ്രീകരണത്തിലൂടെ തങ്ങളുടെ രാഷ്ട്രീയ വളര്‍ച്ചയ്ക്കുള്ള അവസരമായി ഈ സന്ദര്‍ഭത്തെ ഉപയോഗിക്കാന്‍ ശ്രമിയ്ക്കുന്ന ശക്തികളേയും ഒറ്റപ്പെടുത്തേണ്ടതുണ്ട്.

ഇസ്ലാമിക രാഷ്ട്രത്തിനായി പ്രവര്‍ത്തിക്കുന്ന ജമാ-അത്തെ ഇസ്ലാമിയും മതത്തെ ഭീകരവാദത്തിനായി ഉപയോഗിക്കുന്ന എസ്.ഡി.പി.ഐ യും ശത്രുവിന് ആയുധം നല്‍കുകയാണ് ചെയ്യുന്നത്. ഹിന്ദു രാഷ്ട്രവാദത്തിന് ബദല്‍ ഇസ്ലാമിക രാഷ്ട്രമല്ല. മതന്യൂനപക്ഷ ജനവിഭാഗങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്ന വിശാലമായ മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ കൂട്ടായ്മയ്ക്കു മാത്രമേ ഇന്ത്യയെ രക്ഷിക്കാന്‍ കഴിയുകയുള്ളു.

കലാപത്തിനെതിരെ സമാധാനത്തിന്റെ പതാക ഉയര്‍ത്തിപ്പിടിക്കുകയാണ് അടിയന്തിര കടമ. സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണം. വര്‍ഗ്ഗീയ കലാപ ശ്രമങ്ങള്‍ക്കെതിരെ കേരളീയ സമൂഹം നിരന്തരം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അതിന്റെ ഭാഗമായി മാര്‍ച്ച് 5ന് സംഘടിപ്പിക്കുന്ന ജനജാഗ്രതാ സദസ്സ് വിജയിപ്പിക്കുവാന്‍ സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News