25 രൂപയ്ക്ക് ഊണ്; ജനകീയ ഹോട്ടൽ നാളെ തുറക്കും

മീഞ്ചാറുൾപ്പെടെയുള്ള രുചികരമായ ഊണ് നൽകാൻ ജനകീയ ഹോട്ടൽ നാളെ തുറക്കും. സംസ്ഥാനത്തെ ആദ്യത്തെ ജനകീയ ഹോട്ടൽ മണ്ണഞ്ചേരിയിൽ ഭക്ഷ്യമന്ത്രി പി തിലോത്തമൻ ഉദ്ഘാടനം ചെയ്യും. ധനമന്ത്രി തോമസ് ഐസക്ക് ഇക്കഴിഞ്ഞ ബജറ്റിലാണ് 25 രൂപയ്ക്ക് ഊണ് നൽകുന്ന ആയിരം ഹോട്ടലുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.

ഒരു മാസത്തിനുള്ളിൽ സ്വന്തം നിയോജക മണ്ഡലത്തിൽ ജനകീയ ഹോട്ടൽ യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് തോമസ് ഐസക്ക്.

രണ്ടു വർഷത്തിന് മേലെയായി വിശപ്പ് രഹിതമാരാരിക്കുളം പദ്ധതി ഇവിടെ നടക്കുന്നുണ്ട്. പലവിധ കാരണങ്ങളാൽ തനിയെ ഭക്ഷണം പാചകം ചെയ്ത് കഴിക്കുവാൻ നിർവ്വാഹമില്ലാത്തവർക്ക് വീടുകളിൽ ഭക്ഷണമെത്തിച്ചു കൊടുക്കുന്ന പദ്ധതിയാണ് വിശപ്പ് രഹിതമാരാരിക്കുളം പദ്ധതി. 4 പഞ്ചായത്തുകളിലെ 400 പേർക്കാണ് ഈ പദ്ധതി വഴി ദിനംതോറും ഭക്ഷണം നൽകുന്നത്. ഇതിന്റെ തുടർച്ചയായിട്ടാണ് സർക്കാർ വിശപ്പ് രഹിത കേരളമെന്ന പദ്ധതിയാരംഭിച്ചത്.

മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തും കുടുംബശ്രീയുമായി ചേർന്നാണ് ജനകീയ ഹോട്ടൽ ആരംഭിക്കുന്നത്. പി. കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ ജനകീയ അടുക്കളയിൽ പാചകം ചെയ്താണ് ഭക്ഷണം എത്തിക്കുക. കോമൺ കിച്ചൺ എന്ന ആശയമാണ് ഇതിനു പിന്നിലുള്ളത്. ചോറ്, മീഞ്ചാറ്, സാമ്പാർ, മോര്, തോരൻ, അച്ചാർ എന്നിവയടങ്ങിയതാണ് ഊണ്. സ്പെഷ്യൽ വേണ്ടവർക്ക് അതുമുണ്ടാകും. അതിന് പ്രത്യേകം കാശ് നൽകണം.

25 രൂപ നൽകാനില്ലാത്തവർക്കും ഊണ് കഴിക്കാനാകും. ഹോട്ടലിന് മുന്നിലുള്ള ബോർഡിൽ ഷെയർ മീൽസ് ടോക്കണുകൾ ഉണ്ടാകും. ഈ ടോക്കൺ എടുത്ത് നൽകിയാൽ കാശില്ലാത്തവർക്ക് ഫ്രീയായി ഊണ് കഴിക്കാം. മറ്റൊരാളുടെ വിശപ്പകറ്റാൻ താത്പര്യമുള്ളവർക്ക് 25 രൂപ നൽകി ഷെയർ മീൽസ് ടോക്കൺ വാങ്ങി ബോർഡിൽ സ്ഥാപിക്കാവുന്നതാണ്. ഇത് നിരവധി പേർക്ക് സഹായകരമാകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.

നാളെ വൈകിട്ട്‌ 4 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക്, അഡ്വ.എ.എം.ആരിഫ് എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീനാ സനൽകുമാർ, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് സന്തോഷ്, ജില്ലാ പഞ്ചായത്തംഗം പി എ ജുമൈലത്ത് എന്നിവർ പങ്കെടുക്കും.

മണ്ണഞ്ചേരി പഞ്ചായത്ത് പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത്.കുടുംബശ്രീ പ്രവർത്തകരാകും ഹോട്ടലിന്റെ നടത്തിപ്പിന് നേതൃത്വം നൽകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News