കനയ്യ കുമാറിനെയും ഉമര്‍ ഖാലിദിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

2016 രാജ്യദ്രോഹ കേസിൽ മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യകുമാറിനെ വിചാരണ ചെയ്യാൻ ദില്ലി സർക്കാർ അനുമതി നൽകി

കനയ്യ കുമാർ അടക്കമുള്ള 3 പേരെ വിചാരണ ചെയ്യാനാണ് അനുമതി നൽകിയത്. 2016ൽ ജെ എൻ യുവിലെ ഒരു പരിപാടിക്കിടെ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചു എന്നാണ് കേസ്.

2016 ഫെബ്രുവരി 9ന് അഫ്‌സൽ ഗുരു അനുസ്മരണ പരിപാടി നടത്തുകയും ഈ പരിപാടിയിൽ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചു എന്നുമായിരുന്നു യൂണിയൻ പ്രസിഡന്റ് കനയ്യകുമാർ അടക്കമുള്ളവർക്കെതിരായ കേസ്.

കനയ്യകുമാറിനെ കൂടാതെ അനിർഭൻ ഭട്ടാചാര്യ, ഉമർ ഖാലിദ് എന്നീ വിദ്യാർത്ഥികൾക്ക് എതിരെയും പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി.

ഈ കേസിൽ കഴിഞ്ഞ ജനുവരിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ വിചാരണ ആരംഭിക്കാൻ സാധിച്ചിരുന്നില്ല. രാജ്യദ്രോഹ കേസ് ആയതിനാൽ വിചാരണ ആരംഭിക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമായിരുന്നു.

ഇതാണ് വിചാരണ വൈകാൻ കാരണമായത്. കഴിഞ്ഞ വർഷം മെയ് മാസം മുതൽ ദില്ലി സർക്കാർ പോലീസിന്റെ ഈ ആവശ്യത്തിൽ തീരുമാനം എടുക്കാതെ നിൽക്കുകയായിരുന്നു.

ഈ വിഷയത്തിലാണ് ഒടുവിൽ മുൻ ജെ എൻ യു വിദ്യാർത്ഥികൾക്ക് എതിരായ നിലപാട് ദില്ലിയിലെ ആം ആദ്മി സർക്കാർ കൈകൊണ്ടത്. പൗരത്വ നിയമ ഭേദഗതി, ജെ എൻ യുവിനെതിരായ അതിക്രമം, തുടങ്ങിയ വിഷയങ്ങളിൽ ദില്ലിയിലെ ആം ആദ്മി സർക്കാർ ശക്തമായ ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കാത്തതിന്റെ പേരിൽ നേരത്തെ തന്നെ വിമർശിക്കപ്പെട്ടിരുന്നു.

ഇതിനിടെയാണ് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ട് പിന്നാലെയാണ് അരവിന്ദ് കെജ്‌രിവാൾ സർക്കാരിന്റെ തീരുമാനം. ബിജെപി ചേരിയിലേക്ക് ആം ആദ്മി പാർട്ടി നീങ്ങുമെന്ന ചില പ്രതിപക്ഷ പാർട്ടികളുടെ ആരോപണം കൂടുതൽ ബലപ്പെടുത്തുന്നത് കൂടിയാണ് പുതിയ നീക്കം.

കെജ്‌രിവാൾ സർക്കാർ നടപടിയിൽ സിപിഐ അതൃപ്‌തി രേഖപ്പെടുത്തി. ആം ആദ്മി പാർട്ടി ബിജെപി പക്ഷത്തേക്ക് ചാഞ്ഞേക്കാം എന്ന നിരീക്ഷണം ബലപ്പെടുത്തുന്ന നടപടിയാണ് ഇത്.

കെജ്‌രിവാൾ സർക്കാരിൽ പ്രതീക്ഷയർപ്പിച്ച മതനിരപക്ഷവാദികളെ നിരാശപ്പെടുത്തുന്ന തീരുമാനമാണ് ഇതെന്നും സിപിഐ രാജ്യസഭാ അംഗം ബിനോയ് വിശ്വം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here