”ഞങ്ങള്‍ക്ക് ക്രെഡിറ്റ് ആവശ്യമില്ല, അത് അദ്ദേഹം എടുത്തോട്ടെ; പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്ന സന്തോഷമാണ് ഞങ്ങള്‍ക്കുള്ളത്, അതാണ് പ്രധാനം..”; ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പിണറായിയുടെ മറുപടി

ലൈഫ് മിഷനിലെ വീടുകളുടെ പൂർത്തികരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന ആളുകളെ ദുർബോധനപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയ‍ൻ. ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കിയ വീടുകളുടെ ക്രഡിറ്റ് ചെന്നിത്തല എടുത്തോട്ടെ. എന്നാൽ, വീടുകൾ പൂർത്തിയാക്കാൻ സാധിച്ചു എന്നതാണ് ഞങ്ങൾക്ക് ആശ്വാസം നൽകുന്നതെന്നും മുഖ്യമന്ത്രി ചെന്നിത്തലയ്ക്ക് മറുപടി നൽകി.

ലൈഫ് മിഷനിലൂടെ രണ്ടു ലക്ഷം വീടുകളുടെ പൂർത്തികരണ പ്രഖ്യാപനത്തിന് മുന്നോടിയായിയുള്ള മുഖ്യമന്ത്രിയുടെ ജനങ്ങളുമായുള്ള ചോദ്യോത്തര പരിപാടിയിലാണ് പ്രതിപക്ഷ നേതാവിന്‍റെ വിമർശനങ്ങൾക്ക് മറുപടി നൽകിയത്. ലൈഫ് മിഷന്‍റെ ഒന്നാ ഘട്ടം 15 വർഷത്തോളമായി നിർമ്മാണമാരംഭിച്ച വീടുകളാണ് സർക്കാർ പൂർത്തിയാക്കിയത്. 54,000 ത്തോളം വീടുകളിൽ 52000 വീടുകളാണ് ക‍ഴിഞ്ഞ സർക്കാർ പൂർത്തിയാക്കാതിരുന്നത്.

ഞങ്ങൾക്ക് അതിന്‍റെ ക്രെഡിറ്റ് ആ‍വശ്യമില്ല. അത് അദ്ദേഹം എടുത്തോട്ടെ. പക്ഷെ പൂർത്തിയാക്കാൻ ക‍ഴിഞ്ഞു എന്ന ആശ്വാസമാണ് ഞങ്ങൾക്കുള്ളത്.അതാണ് പ്രധാനം. ആ കുടുംബത്തിന് അവിടെ താമസിക്കാൻ ക‍ഴിഞ്ഞല്ലോ. അതാണ് ഞങ്ങൾക്ക് സന്തോഷം. അല്ലാതെ അതിനകത്ത് ഒരു മിത്യാഭിമാനമൊന്നുമില്ലെന്നും മുഖ്യമന്ത്രി ചെന്നിത്തലയ്ക്കുള്ള മറപടിയിൽ വ്യക്തമാക്കി.

പക്ഷെ 1,61,000 വീടുകൾ ലൈഫ് പദ്ധതിയിലൂടെ പുതുതായി സർക്കാർ നിർമ്മിച്ചതാണ്. അതുകൊണ്ട്
തെറ്റായ കണക്കുകൾ കാട്ടി ആളുകളെ തെറ്റിധരിപ്പിക്കാൻ നടത്തുന്ന ശ്രമത്തിന്‍റെ ഭാഗമായിട്ടേ ചെന്നിത്തലയുടെ പ്രസ്താവനയെ കാണാൻ സാധിക്കുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിൽ നാം കാണേണ്ടത് നമ്മുടെ സഹോദരങ്ങൾക്ക് താമസിക്കാൻ വേണ്ടി നിർമ്മിച്ച വീടുകളാണ് എന്നതാണ്. അതിൽ ഭരണപക്ഷം പ്രതിപക്ഷം എന്ന് കാണേണ്ടതില്ല. ഇന്ന് സർക്കാരുള്ളത് കൊണ്ട് സർക്കാർ എന്ന നിലയ്ക്ക് അതിന് നേതൃത്വം നൽകുന്നു എന്ന് മാത്രം. അതിൽ ഒപ്പം കൂടുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News