‘ഇറങ്ങി വാടാ പാകിസ്ഥാനി..നിനക്ക് ഞങ്ങള്‍ പൗരത്വം തരാം’, സൈനികനെ കിട്ടിയില്ല;വീട് ചുട്ട് ചാമ്പലാക്കി സംഘപരിവാറുകാര്‍

രാജ്യസുരക്ഷയ്ക്കായി വര്‍ഷങ്ങളായി അതിര്‍ത്തിയില്‍ കാവലിരിക്കുന്ന സൈനികന്റെ ഏക സമ്പാദ്യമായ വീടും ചുട്ട് ചാമ്പലാക്കിയ സംഘപരിവാറുകാര്‍ ആക്രോശിച്ചതിങ്ങനെ ‘ഇറങ്ങി വാടാ പാകിസ്ഥാനി, നിനക്ക് പൗരത്വം തരാം’.

അതിര്‍ത്തിയില്‍ കാവലിരിക്കുന്ന സൈനികന്റെ വീടും പൂര്‍ണ്ണമായും കത്തിച്ച് ചാമ്പലാക്കിയാണ് സംഘപരിവാറുകാര്‍ മടങ്ങിയത്. ഖജൂരി ഖാസിലുള്ള ബി.എസ്.എഫ് ജവാന്‍ മുഹമ്മദ് അനീസിന്റെ വീടാണ് സംഘപരിവാറുകാര്‍ തീവച്ചു നശിപ്പിച്ചത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 25-നാണ് മുഹമ്മദ് അനീസിന്റെ വീടിന് നേരെ അക്രമികള്‍ പാഞ്ഞടുത്തത്.
‘വീടിന് പുറത്ത് ജവാന്‍ ആണെന്ന് തിരിച്ചറിയുന്നതിനുള്ള നെയിംപ്ലേറ്റ് വെച്ചതിനാല്‍ ആക്രമത്തില്‍ നിന്നും അവര്‍ പിന്തിരിയുമെന്ന് പ്രാര്‍ഥിച്ചിരുന്നു, പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍ അത് മതിയാവുമായിരുന്നില്ല.

ആദ്യം അവര്‍ പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ തീവച്ചു നശിപ്പിച്ചു. പിന്നീട് വീടിനുനേരെ കല്ലെറിഞ്ഞു. ഇതിനുപിന്നാലെ വീടിനകത്തേക്ക് ഗ്യാസ് സിലിണ്ടര്‍ വലിച്ചെറിഞ്ഞു’ സംഘപരിവാറുകാരുടെ കണ്ണില്ലാത്ത ക്രൂരതയെക്കുറിച്ച് അനീസിന്റെ വാക്കുകളിങ്ങനെ.

2013 മുതല്‍ സൈനികനായി ജോലി ചെയ്തുവരികയാണ് മുഹമ്മദ് അനീസ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ജമ്മു കശ്മീരില്‍ ജോലി ചെയ്യുന്ന മുഹമ്മദ് അനീസിന്റെ ഏക സമ്പാദ്യമായ വീട് കത്തി നശിച്ചപ്പോള്‍ രാജ്യത്തെ സേവിക്കുന്ന സൈനികന്റെ ഏക ആശ്വാസം തനിക്ക് വേണ്ടപ്പെട്ടവര്‍ സംഘപരിവാറുകാരുടെ പിടിയില്‍ പെടാതെ രക്ഷപെട്ടു എന്നത് മാത്രമാണ്. അനീസിന്റേതുള്‍പ്പെടെ ഏപ്രിലിലും മെയ് മാസത്തിലുമായി രണ്ട് വിവാഹങ്ങള്‍ നടക്കാനിരുന്ന വീടാണ് ആക്രമികള്‍ നശിപ്പിച്ചത്.

സംഭവസമയത്ത് അനീസും പിതാവ് മുഹമ്മദ് മുനിസ്, അമ്മാവന്‍ മുഹമ്മദ് അഹമ്മദ്, സഹോദരിയായ പര്‍വീണ്‍ എന്നിവരാണ് വീടിനകത്തുണ്ടായിരുന്നത്. അക്രമണം നടക്കുവുമ്പോള്‍ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here