രണ്ടു ലക്ഷം വീടുകള്‍, അതിലേറെ പുഞ്ചിരികള്‍”: ലൈഫ് മിഷനില്‍ രണ്ടു ലക്ഷം വീടുകള്‍, പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനില്‍ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം ഇന്ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം നിര്‍വ്വഹിക്കും.

2,14,000 ത്തിലേറെ വീടുകളാണ് പൂര്‍ത്തീകരിച്ചത്. ഇന്ത്യയില്‍ സര്‍ക്കാരുകള്‍ ഏറ്റെടുത്ത് നടത്തുന്ന ഭവനനിര്‍മ്മാണ പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ കുറഞ്ഞ സമയത്ത് പൂര്‍ത്തീകരിക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണ്.

ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പഞ്ചായത്ത് തലത്തില്‍ വിപുലമായ പരിപാടികളോടെ ഗുണഭോക്താക്കളുടെ ഒത്തുചേരല്‍ വൈകുന്നേരം മൂന്നു മുതല്‍ സംഘടിപ്പിക്കും.

രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി ലൈഫ് നിര്‍മ്മിച്ച കരകുളം ഏണിക്കരയിലെ വീട് 29ന് രാവിലെ 8.30ന് മുഖ്യമന്ത്രി സന്ദര്‍ശിക്കും. വീടിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കും. ലൈഫ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുത്തരിക്കണ്ടത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി അവാര്‍ഡ് നല്‍കും.

കേരളത്തിലെ ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ക്ക് സമഗ്ര പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ 2017 ലാണ് ലൈഫ് മിഷന്‍ ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളായാണ് ലൈഫ് മിഷന്‍ പദ്ധതി വിഭാവനം ചെയ്തത്.

ഒന്നാംഘട്ടത്തില്‍ 2000-01 മുതല്‍ 2015-16 സാമ്പത്തിക വര്‍ഷം വരെ വിവിധ സര്‍ക്കാര്‍ ഭവനനിര്‍മ്മാണ പദ്ധതികള്‍ പ്രകാരം ധനസഹായം കിട്ടിയിട്ടും പല കാരണങ്ങളാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന കുടുംബങ്ങള്‍ക്കുള്ള വീടുകള്‍ യാഥാര്‍ഥ്യമാക്കുക എന്നതായിരുന്നു ലൈഫ് മിഷന്‍ ഏറ്റെടുത്ത ദൗത്യം. രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിര്‍മാണവും മൂന്നാം ഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവുമാണ് ലക്ഷ്യം.

വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായി പല പ്രമുഖ ബ്രാന്‍ഡുകളുമായി കൈകോര്‍ത്ത് കുറഞ്ഞ നിരക്കില്‍ വീട് നിര്‍മ്മാണ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികളും ലൈഫ് മിഷന്‍ കൈക്കൊണ്ടിരുന്നു. 20-60 ശതമാനം വരെ വിലകുറച്ചാണ് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, വയറിംഗ് ഉപകരണങ്ങള്‍, പെയിന്റ്, സാനിറ്ററി ഉപകരണങ്ങള്‍, സിമെന്റ്, വാട്ടര്‍ ടാങ്ക് തുടങ്ങിയവ ഗുണഭോക്താക്കള്‍ക്കു ലഭ്യമാക്കിയത്.

കൂടാതെ തൊഴിലുറപ്പ് ദിനങ്ങളില്‍ നിന്ന് 90 ദിവസം വീട് നിര്‍മ്മാണത്തിനായി ഉപയോഗിക്കാനുള്ള വ്യവസ്ഥയും സാധ്യമാക്കിയിരുന്നു.

ലൈഫ് പദ്ധതിയില്‍ വിവിധ തദ്ദേശസ്ഥാപനങ്ങള്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വ്യക്തമായ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. മാനദണ്ഡപ്രകാരം ലിസ്റ്റില്‍ വരാത്തവരും എന്നാല്‍ വീടില്ലാത്തവരുമായ കുടുംബങ്ങളെ അടുത്ത ഘട്ടത്തില്‍ പരിഗണിക്കും.

പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കിയ വ്യക്തികളെയും സംഘടനകളെയും സ്ഥാപനങ്ങളെയും അഭിനന്ദിക്കുന്നു. ഭവനമില്ലാത്ത മുഴുവന്‍ പേര്‍ക്കും വീട് നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News