പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി.കെ.ഇബ്രാഹീം കുഞ്ഞിനെ വിജിലൻസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പൂജപ്പുര വിജിലൻസ് സ്‌പെഷ്യൽ ഓഫീസ് രണ്ടിൽ 11 മണിക്ക് ഹാജരാകണമെന്നാണ് നിർദ്ദേശം. ചോദ്യം ചെയ്യലിൽ മറുപടി തൃപ്തികരമല്ലെങ്കിൽ അറസ്റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിലേക്ക് വിജിലൻസ് നീങ്ങുമെന്നാണ് സൂചന.
ഇത് മൂന്നാം തവണയാണ് മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ പാലാരിവട്ടം മേൽപ്പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നത്. ഈ മാസം 15ന് അദ്ദേഹത്തെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. നേരത്തെ നൽകിയ മൊഴിയുടെ പരിശോധന കൂടിയായിരുന്നു അന്ന് നടന്നത്.
രണ്ടാമത് നടത്തിയ ചോദ്യം ചെയ്യലിലും ഇബ്രാഹീം കുഞ്ഞിന്‍റെ മൊഴി തൃപ്തികരമല്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. പാലാരിവട്ടം പാലത്തിന്‍റെ നിർമാണത്തിനായി ആർ.ഡി.എസ് കമ്പനിക്ക് 8.25 കോടി രൂപ മുൻകൂറായി നൽകിയതിൽ പങ്കുണ്ടെന്നാണ് പ്രധാന ആരോപണം. കമ്പനി എംഡി സുമിത് ഗോയൽ, മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജ് എന്നിവർ ഇബ്രാഹീം കുഞ്ഞിനെതിരെ നേരത്തെ മൊഴി നൽകിയിരുന്നു.
എന്നാൽ പണം മുൻകൂർ നൽകിയതിൽ തനിക്കു പങ്കില്ലെന്നും, ടി.ഒ സൂരജാണ് കുറ്റക്കാരാനെന്നുമായിരുന്നു ഇബ്രാഹീം കുഞ്ഞിന്‍റെ നിലപാട്. വിജിലൻസിന്‍റെ പക്കലുള്ള രേഖകൾ മുൻ മന്ത്രിക്കെതിരാണ്. മന്ത്രിയായിരിക്കെ ഇബ്രാഹീം കുഞ്ഞ് ഒപ്പിട്ട നിരവധി രേഖകളും വിജിലൻസ് ശേഖരിച്ചിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ചു ഇബ്രാഹിംകുഞ്ഞിനോട് വീണ്ടും ചോദിച്ചറിയാനാണ് വിജിലൻസ് നീക്കം.
മറുപടി തൃപ്തികരമല്ലെങ്കിൽ ഇബ്രാഹീംകുഞ്ഞിനെ കേസിൽ പ്രതി ചേർത്ത് അറസ്റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങാനാണ് വിജിലൻസ് ആലോചിക്കുന്നത്. ഇബ്രാഹിംകുഞ്ഞിന് പിന്നാലെ റോഡ്സ് ആൻ ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ മുൻ എംഡി മുഹമ്മദ് ഹനീഷിനെയും വീണ്ടും ചോദ്യം ചെയ്യും. കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്നാണ് വിജിലൻസ് നൽകുന്ന സൂചന.
Get real time update about this post categories directly on your device, subscribe now.