ലൈഫ് പദ്ധതിയില്‍ നേട്ടവുമായി കൊല്ലം ജില്ലയും; ജീവിതം തിരികെപ്പിടിച്ച് 18568 കുടുംബങ്ങള്‍

സംസ്ഥാനത്ത് ലൈഫ് പദ്ധതിയില്‍ രണ്ട് ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന്(ഫെബ്രുവരി 29) മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കുമ്പോള്‍ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച് കൊല്ലം ജില്ലയും.
ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ സാക്ഷാത്ക്കരിച്ചത് 18568 കുടുംബങ്ങളുടെ പാര്‍പ്പിട സ്വപ്നങ്ങള്‍.

ഒന്നാംഘട്ടത്തില്‍ 3604 വീടുകളും രണ്ടാംഘട്ടത്തില്‍ 7106 വീടുകളും പൂര്‍ത്തീകരിച്ച ജില്ലയുടേത് നിര്‍വഹണത്തില്‍ സംസ്ഥാനത്ത് മികച്ച പ്രകടനമാണ്. പി എം എ വൈ (ജി) പദ്ധതിയില്‍ ഉള്‍പെട്ട് 1396 വീടുകളും പി എം എ വൈ(യു) 3898 വീടുകളും എസ് സി/എസ് ടി വകുപ്പുകളില്‍ നിന്നും 1874 വീടുകളും പൂര്‍ത്തിയാക്കി. ഫിഷറീസ് വകുപ്പിന്റെ 690 വീടുകളും ജില്ലയില്‍ പൂര്‍ത്തീകരിച്ചു.

11 ബ്ലോക്കുകളിലായി 11499 വീടുകളാണ് പൂര്‍ത്തിയായത്. ഇതില്‍ അഞ്ചല്‍ ബ്ലോക്ക്(1830), ചടയമംഗലം(1446), ചവറ(691), ചിറ്റുമല(754), ഇത്തിക്കര(833), കൊട്ടാരക്കര(806), മുഖത്തല(1097), ഓച്ചിറ(820), പത്തനാപുരം(1076), ശാസ്താംകോട്ട(966), വെട്ടിക്കവല(1180) എന്നിങ്ങനെയാണ് കണക്കുകള്‍.
കൊല്ലം കോര്‍പ്പറേഷനില്‍ 2500, കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റി(410), കൊട്ടാരക്കര(284), പുനലൂര്‍(863), പരവൂര്‍(448) എന്നീ ക്രമത്തില്‍ ഭവനങ്ങള്‍ പണികഴിപ്പിച്ചിട്ടുണ്ട്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും കുടുംബശ്രീ മിഷനും ഭവന നിര്‍മാണത്തില്‍ പങ്കാളികളായിയെന്ന പ്രത്യേകതയും ഉണ്ട്. ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നെടുമ്പന ഗ്രാമപഞ്ചായത്ത് രണ്ട് ലക്ഷം കട്ടകള്‍ നിര്‍മിച്ചു നല്‍കിയിരുന്നു.

കുടുംബശ്രീ മിഷന്റെ ഫീനിക്‌സ് സ്ത്രീ കൂട്ടായ്മയാണ് അലക്കുകുഴി കോളനി നിവാസികള്‍ക്ക് കച്ചിക്കടവില്‍ വീടുകള്‍ നിര്‍മിച്ച് നല്‍കിയത്.ലൈഫ് മൂന്നാംഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.

ജില്ലയില്‍ 39935 ഗുണഭോക്താക്കളാണ് ഭൂരഹിത ഭവന ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 16816 ഗുണഭോക്താക്കള്‍ മാത്രമാണ് രേഖകള്‍ ഹാജരാക്കി അര്‍ഹത നേടിയിട്ടുള്ളത്. ഇവര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനായി പുനലൂര്‍, അഞ്ചല്‍, പടിഞ്ഞാറേ കല്ലട, പവിത്രേശ്വരം, മുണ്ടക്കല്‍ എന്നിവിടങ്ങളില്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്.

പരവൂര്‍ കല്ലുകുന്ന് സുനാമി ഫ്‌ളാറ്റ്, മയ്യനാട് കുറ്റിക്കാട് സുനാമി ഫ്‌ളാറ്റ് എന്നിവയും ഏറ്റെടുത്ത് മതിയായ അറ്റകുറ്റപ്പണികള്‍ നടത്തി ഉടന്‍ വിതരണം ചെയ്യുമെന്ന് ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍ ശരച്ചന്ദ്രന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News