മധ്യകേരളത്തിന് സ്വന്തമായ സുന്ദര കാഴ്ചയായി ചെണ്ട് ഗോപുരങ്ങള്‍

മധ്യകേരളത്തില്‍ ക്ഷേത്ര ഉത്സവങ്ങളില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ് ചെണ്ട് ഗോപുരങ്ങള്‍. അധ്വാനത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും ഒരുമയുടെയും സുന്ദര കാഴ്ചയ്ക്കായി കണ്ണുകള്‍ ആവേശത്തോടെ കാത്തിരിപ്പുതുടങ്ങും. വിവിധ ക്ഷേത്രങ്ങളില്‍ 29ന് നടക്കുന്ന കുംഭഭരണി ഉത്സവത്തില്‍ ചെണ്ട് ഗോപുരങ്ങള്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ചെണ്ട് നിർമാതാക്കൾ.

25 മുതല്‍ 50 വരെ നിലകള്‍…ഓരോ നിലകളിലും ഈറക്കിലികളില്‍ കോര്‍ത്ത നിരവധിചെണ്ടുകള്‍. കാണുമ്പോള്‍ നിസ്സാരമെന്ന് തോന്നുന്ന ഈ ചെണ്ടുഗോപുരങ്ങള്‍ നിര്‍മ്മിക്കുന്നതിന് പിന്നിലെ അധ്വാനം വലുത് തന്നെയാണ്. കഠിനവ്രതവും അധ്യാനവും കൂട്ടായ്മയും കൈമുതലാക്കി കാര്‍ഷിക സമൃദ്ധിക്ക് വേണ്ടിയുള്ള ഒരുഗ്രാമത്തിന്റെ കാത്തിരിപ്പാണ് ഓരോ കുംഭഭരണിയിലെയും ചെണ്ട്‌നിര്‍മ്മാണം.

പച്ച ഈറക്കിലികള്‍ചീകിമിനുക്കി മഞ്ഞള്‍ വെളളത്തില്‍ പുഴുങ്ങിയെടുത്താണ് ചെണ്ട് മല്ലികള്‍ പോലുള്ള വര്‍ണ്ണ പൂക്കള്‍ കോര്‍ത്തിണക്കുന്നത്. ദിവസങ്ങളുടെ അധ്വാനംകൊണ്ടാണ് ഓരോ ചെണ്ട് ഗോപുരവും ഒരുങ്ങുന്നത്. ഓരോ നിലകളിലും 10 മുതല്‍ 80 വരെ പൂക്കളോട് കൂടി 1500ല്‍പ്പരം പൂക്കള്‍കൊണ്ടാണ് ഒരോ ചെണ്ട് ഗോപുരവും പൂര്‍ത്തിയാകുന്നത്. വര്‍ഷങ്ങളായി മുടങ്ങാതെ ഈ രംഗത്ത് ചെണ്ട് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമുണ്ട്

ചെണ്ട് ഗോപുരങ്ങള്‍ തലയിലേന്തി തുള്ളിയാണ് കുംഭഭരണിനാളില്‍ വിവിധദേശക്കാര്‍ ക്ഷേത്രമുറ്റത്തെത്തുന്നത്. വിവിധ കരകളില്‍ നിന്നെത്തുന്ന ചെണ്ടുകളുടെ ഉയരത്തിനും ആട്ടത്തിനും അനുസരിച്ച് പല ക്ഷേത്രങ്ങളിലും മത്സരവും നടക്കാറുണ്ട്. കുംഭച്ചൂടിനെപ്പോലും വകവയ്ക്കാതെ ചെണ്ട് ഗോപുരങ്ങള്‍ തലയിലേന്തി താളത്തിനൊ്പ്പം തുള്ളുന്ന ഉത്സവക്കാഴ്ച കഠിനാധ്വാനികളുടെയും കര്‍ഷകരുടേയുമാണ്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel