
തിരുവനന്തപുരം: സര്‍ക്കാര്‍ ഭവനപദ്ധതികളില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ കുറഞ്ഞ സമയത്ത് പൂര്‍ത്തീകരിച്ച സംസ്ഥാനം എന്ന ഖ്യാതി ഇനി കേരളത്തിന് സ്വന്തം.
‘ലൈഫ് മിഷനില്‍’ രണ്ട് ലക്ഷം വീട് പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയതോടെ ലോകത്തിന്റെ നെറുകയില്‍ കേരളം ഒരിക്കല്‍ക്കൂടി സ്ഥാനംപിടിച്ചു.
പുത്തരിക്കണ്ടം മൈതാനത്ത് വച്ചാണ് കേരളം കൈവരിച്ച സമാനതകളില്ലാത്ത നേട്ടം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. 2,14,000 ത്തിലേറെ വീടുകളാണ് ഇതുവരെ പൂര്‍ത്തീകരിച്ചത്.
ഇന്ത്യയില്‍ സര്‍ക്കാരുകള്‍ ഏറ്റെടുത്ത് നടത്തുന്ന ഭവനനിര്‍മ്മാണ പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ കുറഞ്ഞ സമയത്ത് പൂര്‍ത്തീകരിക്കുന്ന സംസ്ഥാനമായി കേരളം മാറി.
വികസന വിഷയങ്ങളില്‍ പ്രതിപക്ഷ നിലപാട് ക്രൂരത നിറഞ്ഞത്
തിരുവനന്തപുരം: ലൈഫ് പദ്ധതിക്കെതിരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
സംസ്ഥാനത്തിന്റെ വികസന വിഷയങ്ങളില്‍ പ്രതിപക്ഷ നിലപാട് ക്രൂരത നിറഞ്ഞതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടാകെ സന്തോഷിക്കുമ്പോള്‍ കഞ്ഞിയില്‍ മണ്ണ് വാരിയിടുന്ന നിലപാട് പ്രതിപക്ഷം സ്വീകരിക്കുന്നതെന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു.
നാട് സന്തോഷിക്കുമ്പോള്‍ പ്രതിപക്ഷത്തിന്റെ സ്ഥിരം പതിവാണിത്. എല്ലാ കാര്യത്തിലും പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാടാണിത്. ഇടുങ്ങിയ മനസുകൊണ്ട് ഒരു രാഷ്ട്രീയത്തിനും മുന്നേറാനാകില്ല. കേരളം പുനര്‍നിര്‍മ്മിക്കുന്ന ഘട്ടത്തിലും പ്രതിപക്ഷം മാറിനിന്നു. ലൈഫ് പദ്ധതിയില്‍ പ്രതിപക്ഷം നിര്‍മ്മിച്ച വീടുകളുണ്ടെങ്കില്‍ ക്രെഡിറ്റ് എടുത്തോളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിനോടും നാടിന്റെ ഭാവിയോടും ക്രൂരത കാണിച്ചവരാണ് പ്രതിപക്ഷം. പ്രതിപക്ഷം നന്നാവുമെന്ന് കരുതാനാവില്ലെന്നും ഇനിയും യോജിച്ച് നീങ്ങാന്‍ അവസരമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ക്ക് സമഗ്ര പരിഹാരം
കേരളത്തിലെ ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ക്ക് സമഗ്ര പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ 2017ലാണ് ലൈഫ് മിഷന്‍ ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളായാണ് ലൈഫ് മിഷന്‍ പദ്ധതി വിഭാവനം ചെയ്തത്.
ഒന്നാംഘട്ടത്തില്‍ 2000-01 മുതല്‍ 2015-16 സാമ്പത്തിക വര്‍ഷം വരെ വിവിധ സര്‍ക്കാര്‍ ഭവനനിര്‍മ്മാണ പദ്ധതികള്‍ പ്രകാരം ധനസഹായം കിട്ടിയിട്ടും പല കാരണങ്ങളാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന കുടുംബങ്ങള്‍ക്കുള്ള വീടുകള്‍ യാഥാര്‍ഥ്യമാക്കുക എന്നതായിരുന്നു ലൈഫ് മിഷന്‍ ഏറ്റെടുത്ത ദൗത്യം.
രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിര്‍മാണവും മൂന്നാം ഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവുമാണ് ലക്ഷ്യം.
വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായി പല പ്രമുഖ ബ്രാന്‍ഡുകളുമായി കൈകോര്‍ത്ത് കുറഞ്ഞ നിരക്കില്‍ വീട് നിര്‍മ്മാണ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികളും ലൈഫ് മിഷന്‍ കൈക്കൊണ്ടിരുന്നു.
20-60 ശതമാനം വരെ വിലകുറച്ചാണ് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, വയറിംഗ് ഉപകരണങ്ങള്‍, പെയിന്റ്, സാനിറ്ററി ഉപകരണങ്ങള്‍, സിമെന്റ്, വാട്ടര്‍ ടാങ്ക് തുടങ്ങിയവ ഗുണഭോക്താക്കള്‍ക്കു ലഭ്യമാക്കിയത്. കൂടാതെ തൊഴിലുറപ്പ് ദിനങ്ങളില്‍ നിന്ന് 90 ദിവസം വീട് നിര്‍മ്മാണത്തിനായി ഉപയോഗിക്കാനുള്ള വ്യവസ്ഥയും സാധ്യമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here