ഒടുവില്‍ പ്രതാപനും പറഞ്ഞു; ”രാഹുല്‍ എവിടെ എന്നറിയില്ല”; വയനാട്ടിലെ ഒരു വോട്ടറെങ്കിലും ചോദിക്കണം: എങ്ങോട്ടാണ് മുങ്ങുന്നത്?

കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സത്യമായിട്ടും എവിടെയാണെന്ന് അറിയില്ലെന്ന് പാര്‍ട്ടി എംപി ടിഎന്‍ പ്രതാപന്‍ റിയാദില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞിരുന്നു.തൃശൂര്‍ ഡിസിസി അധ്യക്ഷ പദവി വഹിക്കുന്ന എംപിയാണ് ടിഎന്‍ പ്രതാപന്‍.ഇതിന് പിന്നാലെ സൈബറിടത്തില്‍ സ്വന്തം അണികളില്‍ നിന്ന് ടിഎന്‍പ്രതാപന് വിമര്‍ശനവുമേല്‍ക്കേണ്ടി വന്നു. എന്നാല്‍ ആ ചോദ്യം അവിടെ തന്നെയുണ്ട്.രാഹുല്‍ ഗാന്ധി എവിടെ?

ഡല്‍ഹി കത്തുമ്പോള്‍ രാഹുല്‍ ഗാന്ധി എങ്ങുമുണ്ടായിരുന്നില്ല.എവിടെയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കു പോലും അറിയില്ല.എന്തിന് കോണ്‍ഗ്രസിലെ എല്ലാ ജനപ്രതിനിധികളും പങ്കെടുക്കേണ്ട യോഗത്തില്‍ പോലും രാഹുല്‍ ഗാന്ധി പങ്കെടുത്തില്ല.രാഹുല്‍ ഗാന്ധി ടൂറിലാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പോലും വിശദീകരണം.

കോണ്‍ഗ്രസ് ഒരു വലിയ പ്രതിസന്ധിയിലാണ്.പാര്‍ട്ടിയുടെ താത്കാലിക അധ്യക്ഷ സോണിയ ഗാന്ധി ഒരു വേള സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ തീരുമാനമെടുത്തുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു.ഭര്‍ത്താവ് റോബര്‍ട്ട് വധ്രയുടെ ബിസിനസ് ഇടപാടുകളും കേസുകളും പ്രിയങ്ക ഗാന്ധിക്ക് മേല്‍ കരിനില്‍ വീഴ്ത്തിയിരിക്കുന്നു.ഈ സാഹചര്യത്തിലാണ് രാജ്യത്തെ ഏറ്റവും പഴക്കമുളള പാര്‍ട്ടി അതിന്റെ മുന്‍അധ്യക്ഷനെ യോഗത്തിലെത്തിക്കാന്‍ പോലും കഴിയാതെ വിയര്‍ക്കുന്നത്.

ഡല്‍ഹി തെരഞ്ഞെടുപ്പും കോണ്‍ഗ്രസിന്റെ കണ്ണു തുറപ്പിച്ചില്ല എന്നതാണ് വാസ്തവം.ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ കോണ്‍ഗ്രസ് ജനങ്ങളില്‍ നിന്ന് എത്രയകന്നു എന്നതിന്റെ അളവുകോലാണ് ഡല്‍ഹിയിലെ പരാജയം.തങ്ങളുടെ സര്‍വശക്തിയുമെടുത്ത് അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്ന ബിജെപിയോട് ഒന്നു പൊരുതി നോക്കാന്‍ പോലും കോണ്‍ഗ്രസ് തയ്യാറാവുന്നില്ല.

എന്തൊക്കെ പറഞ്ഞാലും ഹൈക്കമാണ്ട് നയിക്കുന്ന പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്.ഇപ്പോള്‍ കോണ്‍ഗ്രസിന് അല്‍പമെങ്കിലും ചലിപ്പിക്കുന്നത് പ്രാദേശിക തലത്തില്‍ നേതാക്കളാണ്.അമരീന്ദര്‍ സിംഗും കമല്‍നാഥും അശോക് ഗെഹ്ലോട്ടുമൊക്കെ തങ്ങള്‍ക്കിഷ്ടമുളളതു പോലെ സഞ്ചരിക്കുകയാണ്.

ലോകസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പാപഭാരം മുതിര്‍ന്ന നേതാക്കള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചതിന് ശേഷമാണ് രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞത്.എന്നാല്‍ അതൊരു ഒളിച്ചോട്ടമായിരുന്നുവെന്ന് പിന്നീടാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മനസിലായത്.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പുറത്തായി.സര്‍ക്കാരില്‍ ഒരു പിടിപാടുമില്ലാതെ ശിവസേനയുടെ കാരുണ്യത്തിലാണ് കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ കഴിയുന്നത്.ജാര്‍ഖണ്ഡില്‍ രാഷ്ട്രീയാധികാരം കോണ്‍ഗ്രസ് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ ഹൈമന്ദ് സോറന് വിട്ടുകൊടുത്തു.ബംഗാളില്‍ മമതക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസിന് ആവുന്നില്ല.ബിഹാറില്‍ ആര്‍ജെഡിയുടെ ഉത്തരവുകള്‍ക്കായി കാത്തുനില്‍ക്കുകയാണ് കോണ്‍ഗ്രസ്.തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ കാരുണ്യത്തിലാണ് കോണ്‍ഗ്രസ് നിലനില്‍ക്കുന്നത്.

ഡല്‍ഹിയില്‍ ആംആദ്മി വിജയിച്ചപ്പോള്‍ ബിജെപിയുടെ പരാജയം എന്ന വിലയിരുത്തല്‍ ഭാഗികമാണെന്ന് പറയേണ്ടി വരും.കോണ്‍ഗ്രസിന്റെ കൂടി പരാജയമാണ് എന്ന് പറഞ്ഞാലേ അത് പൂര്‍ണമാകൂ.പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് പ്രാദേശിക പാര്‍ട്ടികളുടെ പക്കലായിക്കഴിഞ്ഞു.അത് തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല എന്നതിന്റെ ഉദാഹരണമാണ് ഡല്‍ഹിയിലെ തുടര്‍ച്ചയായ തോല്‍വി.

രാഷ്ട്രീയ കൊടുങ്കാറ്റില്‍ ക്യാപ്റ്റനും ജീവനക്കാരുമില്ലാത്ത കപ്പല്‍ പോലെയാണ് കോണ്‍ഗ്രസ്.രാഷ്ട്രീയ അരാജകത്വമാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്നത്.ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് പകരം ആംആദ്മിയുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്തത്.കോണ്‍ഗ്രസ് പാതാളത്തിലേക്കാണ് പോകുന്നതെന്ന വിലാപം ഇപ്പോള്‍ കേള്‍ക്കുന്നത് പുറത്തുനിന്നല്ല,പാര്‍ട്ടിക്കകത്ത് നിന്നുതന്നെയാണ്.പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി വരെ നേതൃത്വത്തിനെതിരെ രംഗത്തെത്തി.

ശക്തമായ നേതൃത്വമില്ലാത്ത പാര്‍ട്ടിയ്ക്കുണ്ടാകുന്ന എല്ലാ അരാജകത്വവും കോണ്‍ഗ്രസിനെ ബാധിച്ചുകഴിഞ്ഞു.അധികാരത്തിലുളള സംസ്ഥാനങ്ങളിലെല്ലാം നേതാക്കള്‍ തമ്മില്‍തല്ലിലാണ്.മധ്യപ്രദേശില്‍ കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലാണ് കലഹമെങ്കില്‍ രാജസ്ഥാനില്‍ അത് അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലാണ്.

രാഹുല്‍ ഗാന്ധിയെ ഭാവി പാര്‍ട്ടി അധ്യക്ഷനാക്കുന്നത് മുന്നില്‍ കണ്ട് രണ്ടാമതൊരു നേതാവിനെ കോണ്‍ഗ്രസ് വളര്‍ത്തിയില്ല.സോണിയയ്ക്ക് ശേഷം രാഹുല്‍, രാഹുലിന് ശേഷം മറ്റേതെങ്കിലും നെഹ്രുകുടുംബാംഗം എന്ന നിലയില്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തെ നോക്കിക്കാണാനേ ആ പാര്‍ട്ടിക്ക് കഴിയുന്നുളളൂ.15 വര്‍ഷത്തോളം മറ്റൊരു നേതാവിനേയും വളര്‍ത്താതെ രാഹുല്‍ ഗാന്ധിയെ പരിശീലിപ്പിക്കുകയായിരുന്നു പാര്‍ട്ടി.എന്നാല്‍ ഒടുവില്‍ അതുമില്ല ഇതുമില്ല എന്ന അവസ്ഥയായി.

കോണ്‍ഗ്രസ് അണികള്‍ മാത്രമല്ല നേതാക്കളും ആശയക്കുഴപ്പത്തിലാണ്.നിരവധി ചോദ്യങ്ങള്‍ അവരെ മഥിക്കുന്നു.രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തുമോ?തിരിച്ചെത്തിയില്ലെങ്കില്‍ നെഹ്രു കുടുംബത്തിന് പുറത്തുനിന്നൊരാള്‍ അധ്യക്ഷ പദവിയിലെത്തുമോ?അങ്ങിനൊരാള്‍ അധ്യക്ഷ സ്ഥാനത്തെത്തിയാല്‍ നെഹ്രു കുടുംബം അംഗീകരിക്കുമോ?ഇത് ഒന്നിലധികം ശക്തികേന്ദ്രങ്ങള്‍ പാര്‍ട്ടിയില്‍ ഉണ്ടാകാന്‍ കാരണമാകുമോ?അങ്ങനെയെങ്കില്‍ നെഹ്രു കുടുംബത്തിന്റെ റോള്‍ എന്താവും?ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനേയും ഈ ചോദ്യങ്ങള്‍ വേട്ടയാടുന്നു.

ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് കോണ്‍ഗ്രസ് കടന്നുപോകുന്നത്.സീറ്റോ വോട്ടിംഗ് ശതമാനമോ മാത്രമല്ല കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നത്.ആ പാര്‍ട്ടിയുടെ ഏറ്റവും വലിയ പ്രശ്‌നം പാര്‍ട്ടിയുടെ നേതാവ് തന്നെയാണ്.രാഹുല്‍ ഗാന്ധി എവിടേക്കാണ് പോകുന്നത് എന്ന് ഏതെങ്കിലും കോണ്‍ഗ്രസ് നേതാവോ അണിയോ അന്വേഷിച്ചിട്ടുണ്ടോ?ഉണ്ടാകില്ല,കാരണം ഈ ചോദ്യത്തിന് മാത്രം മറുപടി ലഭിക്കില്ല.വയനാട്ടിലെ എംപിയാണ് രാഹുല്‍ ഗാന്ധി.ഇനി എന്നെങ്കിലും രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുമ്പോള്‍ ഒരു വോട്ടറില്‍ നിന്നെങ്കിലും ഈ ചോദ്യം ഉയരുമെന്ന് കരുതാം.രാഹുല്‍ ഗാന്ധി,അങ്ങെവിടേക്കാണ് മുങ്ങുന്നത്?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News