”പ്രതിപക്ഷം നന്നാവുമെന്ന് തോന്നുന്നില്ല, പല അഭ്യര്‍ഥനകളും നടത്തി: തര്‍ക്കിക്കേണ്ട കാര്യത്തില്‍ തര്‍ക്കിക്കാം, ചിലകാര്യങ്ങളില്‍ ഒന്നിച്ചുനില്‍ക്കാം”

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലേയും വീടില്ലാത്ത കുടുംബങ്ങള്‍ സ്വന്തമായ വീടിന്റെ അധിപന്‍മാരായി മാറിയിരിക്കുകയാണ് ഇന്നത്തെ ദിവസമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ലൈഫ് മിഷനില്‍’ രണ്ട് ലക്ഷം വീട് പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

2,14,762 എന്നത് നമ്മുടെ നാടിനെ സംബന്ധിച്ച് ഒരു ചെറിയ നമ്പര്‍ അല്ല. കേരളത്തില്‍ വീടൊരു സ്വപ്നമായി കരുതിയവര്‍, ആ സ്വപ്നത്തോടെ മണ്ണടിഞ്ഞവര്‍, അവരുടെയെല്ലാം ചിരകാല സ്വപ്നം ഈ മണ്ണില്‍ യാഥാര്‍ത്ഥ്യമാകുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ജനങ്ങള്‍ ഉയര്‍ത്തിയ പ്രധാന ആവശ്യം വീടില്ല എന്നതായിരുന്നു.കേരളത്തില്‍ വിവിധ വകുപ്പുകള്‍ വഴി വീടുകള്‍ നിര്‍മ്മിക്കുന്നുണ്ട്. എന്നാല്‍ ഇതിനുപുറമേ കേന്ദ്രത്തിന്റെതായ പദ്ധതികള്‍ നഗരത്തിലും ഗ്രാമത്തിലുമുണ്ട്. ഇതെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് ഒരു അതിവേഗ നടപടിയിലേയ്ക്ക് നീങ്ങിക്കൂടെ എന്നാലോചിച്ചു. പിന്നീട് അതിന്റെ കാര്യങ്ങള്‍ നീക്കുകയായിരുന്നു സര്‍ക്കാര്‍.

നാല് വര്‍ഷത്തിനുള്ളില്‍ വീട് ലഭ്യമാക്കുക എന്നായിരുന്നു ലക്ഷ്യം. തുടര്‍ന്ന് 5 ലക്ഷം കുടുംബങ്ങള്‍ ഉണ്ടെന്ന പ്രാഥമിക കണക്ക് ലഭിച്ചു. വീട് നല്‍കുന്ന എല്ലാ പദ്ധതികളും കൂട്ടിയോജിപ്പിച്ച് പൊതുപദ്ധതി ആരംഭിക്കുക. ലൈവ്ലി ഹുഡ് ഇന്‍ക്ലൂഷന്‍ ഫൈനാന്‍ഷ്യല്‍ എംപവര്‍മെന്റ് എന്ന ഇംഗ്ലീഷ് വാക്കിന്റെ ആദ്യാക്ഷരങ്ങള്‍ എടുത്തുചേര്‍ത്തുകൊണ്ട് ലൈഫ് എന്ന പദ്ധതിയ്ക്ക് രൂപം കൊടുത്തു.

അതിനായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. പൂര്‍ത്തീകരിക്കാനായ വീടുകള്‍ക്കെല്ലാം ജനങ്ങളുടെ സഹായം ഉണ്ടായിരുന്നു. നാടും നാട്ടാരും എല്ലാവരും ഒത്തുചേര്‍ന്നതതോടെയാണ് ഇത് വിജയിപ്പിക്കാനായത്.

നമുക്ക് നമ്മുടേതായ ഒരു സംസ്‌കാരമുണ്ട്. ഈ നാടിന്റെ സംസ്‌കാരം. സന്താപത്തിലും സന്തോഷത്തിലും പങ്കുചേരുക എന്നതാണ് ആ സംസ്‌കാരത്തിന്റെ പ്രത്യേകത. വീട് സ്വപനമായിരുന്നവര്‍ക്ക് അത് നിര്‍മ്മിച്ചുനല്‍കാന്‍ കഴിഞ്ഞു എന്നത് അഭിമാനിക്കാന്‍ കഴിയുന്ന കാര്യമാണ്.

കൊല്ലത്ത് കടയ്ക്കലുള്ള തമിഴ്നാട്ടുകാരനായ അബ്ദുള്ള. അദ്ദേഹം കപ്പലണ്ടി വിറ്റ് ജീവിച്ച വ്യക്തിയായിരുന്നു. സ്ഥലം വാങ്ങിയാണ് വീടിനായി അദ്ദേഹത്തിന് സ്ഥലം നല്‍കിയത്.

ഇത്തരം പദ്ധതികളുടെ കാര്യങ്ങളില്‍ നമുക്കൊന്നിച്ചുനില്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്താണ് നമ്മള്‍ സാമൂഹ്യപ്രവര്‍ത്തകര്‍ എന്ന് പറയുന്നതിനര്‍ത്ഥമെന്ന് പ്രതിപക്ഷം ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനെ ഓര്‍മിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവും, സ്ഥലത്തെ ലോക്സഭാംഗവും ഇവിടെ വേണ്ടതായിരുന്നു. അവര്‍ എത്തിയില്ല എന്ന് മാത്രമല്ല, ബഹിഷ്‌കരിക്കുന്നു എന്ന രാഷ്ട്രീയതീരുമാനമാണ് എടുത്തത്. പാവങ്ങളോടാണോ ഈ ക്രൂരത കാണിക്കേണ്ടത്.

ഞങ്ങള്‍ തുടങ്ങിയ പരിപാടിയില്‍ ബാക്കിയായതല്ലെ നിങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നാണ് ചെന്നിത്തല ചോദിച്ചത്. യുഡിഎഫിന്റെതായ പത്ത് വര്‍ഷക്കാലയളവ് ഇവിടെയുണ്ടായിരുന്നു. എന്നാല്‍ വീടുപണി തുടങ്ങി അത് പൂര്‍ത്തിയാക്കേണ്ടത് എങ്ങനെയെന്നാണ് ഈ സര്‍ക്കാര്‍ ആലോചിച്ചത്. ഇനി ഒന്നാം ഘട്ടത്തിന്റെ അവകാശം കോണ്‍ഗ്രസ് എടുക്കുന്നുവെങ്കില്‍ എടുത്തോളു. എന്നാല്‍ ഗുണഭോക്താക്കള്‍ കൂടി മാനസീകമായി അതിനോട് യോജിക്കണ്ടേ എന്നും മുഖ്യമന്ത്രി യുഡിഎഫിനോട് ചോദിച്ചു.

നാടാകെ സന്തോഷിക്കുമ്പോള്‍ കഞ്ഞിയില്‍ മണ്ണ് വാരിയിടരുത്. നമ്മുടെ നാട് വലിയ ദുരിതം നേരിട്ടു. എന്നാല്‍ കേന്ദ്രം സഹായിച്ചില്ല. എന്നാല്‍ നമുക്കതിജീവിച്ചേ മതിയാകുമായിരുന്നുള്ളു. കേരളത്തിന്റെയാകെ പിന്തുണ ലഭിച്ചപ്പോഴും പ്രതിപക്ഷം മാറിനിന്നു. സഹകരിക്കില്ലെന്ന് പറഞ്ഞു.

ഇത് ഈ നാടിനോടുകാണിച്ച ഏറ്റവും വലിയ ക്രൂരതയല്ലെ? പ്രതിപക്ഷം നന്നാവുമെന്ന് തോന്നുന്നില്ല. പല അഭ്യര്‍ഥനകളും നടത്തി. തര്‍ക്കിക്കേണ്ട കാര്യത്തില്‍ തര്‍ക്കിക്കാം, ജനങ്ങള്‍ കാര്യങ്ങള്‍ തീരുമാനിക്കട്ടെ. ചിലകാര്യങ്ങളില്‍ ഒന്നിച്ചുനില്‍ക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ പദ്ധതി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ, ഇത്തരത്തില്‍ വീണ്ടും അര്‍ഹതയുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കുന്നതിനും ഭവനം നല്‍കുന്നതിനുമുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News