ദില്ലി കലാപത്തിനിടെ ദേശീയ ഗാനം ആലപിക്കാന്‍ ആവശ്യപ്പെട്ട് പൊലീസിന്റെ ക്രൂര മര്‍ദ്ദനം; യുവാവ് മരിച്ചു; മര്‍ദ്ദനം ഇരുമ്പുദണ്ഡ് ഉപയോഗിച്ചെന്ന് മാതാവ്; വീഡിയോ

ദില്ലി: ദേശീയ ഗാനം ആലപിക്കാന്‍ ആവശ്യപ്പെട്ട് ദില്ലി പൊലീസ് തല്ലിച്ചതച്ച യുവാക്കളില്‍ ഒരാള്‍ മരിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഫൈസാന്‍ ആണ് മരിച്ചത്. നാല് യുവാക്കളെ ദേശീയ ഗാനം ചൊല്ലാന്‍ ആവശ്യപ്പെട്ട് പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ദില്ലിയിലെ കലാപത്തിനിടെയായിരുന്നു പൊലീസ് കൂട്ടമായി ഇവരെ ഉപദ്രവിച്ചത്. എന്തിനാണ് ആസാദി വിളിക്കുന്നതെന്നും നിങ്ങള്‍ക്ക് ആസാദി വേണോ എന്നും പൊലീസുകാര്‍ യുവാക്കള്‍ക്കുനേരെ ആക്രോശിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. മര്‍ദ്ദത്തിനൊടുവില്‍ നിലത്തുവീണുകിടക്കുന്ന യുവാക്കളോടാണ് പൊലീസ് ദേശീയ ഗാനം ആലപിക്കാന്‍ ആവശ്യപ്പെടുന്നത്.

തുടര്‍ന്നും പൊലീസ് മര്‍ദ്ദനം തുടരുന്നതായും വീഡിയോയില്‍ കാണാം. ലാത്തി ഉപയോഗിച്ച് യുവാക്കളുടെ മുഖത്ത് കുത്തുകയും ബൂട്ടിട്ട് നാഭിയില്‍ തൊഴിക്കുകയും ചെയ്യുന്നുണ്ട്.

മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ യുവാക്കളെ പിന്നീട് പ്രദേശവാസികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജി.ടി.ബി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഫൈസാന്‍ മരിച്ചത്.

ഫൈസാന്‍ അടക്കമുള്ള യുവാക്കളെ പൊലീസ് ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ഫൈസാന്റെ അമ്മ പറഞ്ഞു. മര്‍ദ്ദനത്തില്‍ ഫൈസാന്റെ കാലിലെ എല്ല് പൊട്ടി. തല്ലിച്ചതച്ചതിനെത്തുടര്‍ന്ന് മകന്റെ ശരീരമാകെ കറുത്ത നിറമായിരുന്നെന്നും അമ്മ പറഞ്ഞു.

ഫൈസാന്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും എന്നിട്ടും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നും അമ്മ ആരോപിച്ചു. ഫൈസാന്റെ ആന്തരാവയവങ്ങള്‍ക്കടക്കം പരിക്കേറ്റിരുന്നു. രക്ത സമ്മര്‍ദ്ദം കുറഞ്ഞ നിലയിലായിരുന്നെന്നും ചികിത്സിച്ച ഡോക്ടറും വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News