കൊടുത്താല്‍ കൊല്ലത്തും കിട്ടും, അങ്ങനെ കണ്ടാല്‍ മതി; ദില്ലി കലാപത്തെപ്പറ്റി വര്‍ഗീയ പരാമര്‍ശം നടത്തി മലയാള സിനിമ ക്യാമറാമാന്‍; പ്രതിഷേധവവുമായി സോഷ്യല്‍ മീഡിയ

ദില്ലി കലാപം നടക്കുന്നതിനിടയില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ സിനിമ ക്യാമറാമാന്‍ വിഷ്ണു നാരായണന് സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം. ഫെയ്‌സ്ബുക്കിലൂടെയാണ് വിഷ്ണു നാരായണന്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതിന്റെ സ്‌ക്രീന്‍ ഷോ്ട്ട് സഹിതം പങ്കുവെച്ചാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നത്.

”കൊടുത്താല്‍ കൊല്ലത്തും കിട്ടും കേട്ടിട്ടില്ലേ? നിങ്ങളുടെ അണ്ണാക്കില്‍ വന്നുകോലിട്ടാല്‍ മിണ്ടാതിരിക്കുമോ? അങ്ങനെ കണ്ടാല്‍ മതി” എന്നാണ് കലാപത്തിനിരയാകുന്നവരെ പറ്റി വിഷ്ണു പറഞ്ഞത്.

കലാപ ഭൂമിയില്‍ നിന്നും സമൂഹമാധ്യമങ്ങളിലൂടെ ഏറെ പ്രചരിച്ച ഒരു ചിത്രത്തിന് കമന്റ് ആയിട്ടാണ് ക്യാമറാമാന്‍ വിഷ്ണു നാരായണന്‍ വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള വിദ്വേഷ അഭിപ്രായം നടത്തിയത്.

തലസ്ഥാന നഗരത്തെ ഭീതിയിലാഴ്ത്തി പൗരത്വനിയമ അനുകൂലികളും പ്രതികൂലങ്ങളും തമ്മില്‍ സംഘര്‍ഷം പടരുന്ന സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളില്‍ സംഭവത്തെക്കുറിച്ചുള്ള പ്രതിഷേധങ്ങളും ആകുലതകളും ചര്‍ച്ച ചെയ്യപ്പെടുമ്പോഴാണ് വിഷ്ണുവിന്റെ വിദ്വേഷ പരാമര്‍ശം.

വെള്ളിമൂങ്ങ, ആട്, അവരുടെ രാവുകള്‍, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ആട് 2, ഞാന്‍ മേരിക്കുട്ടി, പ്രേതം 2 തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറാമാനാണ് വിഷ്ണു. പ്രകോപനപരമായ രീതിയില്‍ കമന്റ് ഇട്ട വിഷ്ണു സംഭവം വിവാദമായതോടെ തന്റെ കമന്റ് പിന്‍വലിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here