വിശപ്പുരഹിത കേരളം പദ്ധതിയുടെ ആയിരം ജനകീയ ഹോട്ടലിന് മണ്ണഞ്ചേരിയില്‍ തുടക്കം

കപ്പ വേവിച്ചതും ചൂരക്കറിയും വിളമ്പിക്കൊടുക്കുമ്പോള്‍ മന്ത്രി ഐസക്കിന്റെ കമന്റ് -”ഇത് എല്ലാദിവസവും സൗജന്യമായി കിട്ടുമെന്ന് കരുതേണ്ട. ഊണ് പണമില്ലെങ്കിലും വന്നു കഴിക്കാം”. വിശപ്പുരഹിത കേരളം പദ്ധതിയുടെ തുടര്‍ച്ചയായുള്ള ആയിരം ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം ആലപ്പുഴ മണ്ഡലത്തിലെ മണ്ണഞ്ചേരിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മണ്ണഞ്ചേരി പഞ്ചായത്തും കുടുംബശ്രീയുമായി ചേര്‍ന്നാണ് സംസ്ഥാനത്തെ ആദ്യ ജനകീയ ഹോട്ടല്‍ തുറന്നത്. ഇവിടേയ്ക്ക് ഭക്ഷണം പാകംചെയ്ത് എത്തിക്കുന്നത് പി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ ജനകീയ അടുക്കളയില്‍നിന്നാണ്.

25 രൂപയുടെ ഊണിനൊപ്പം മീന്‍ചാറ്, സാമ്പാര്‍, മോര്, തോരന്‍, അച്ചാര്‍ എന്നിവയുണ്ടാകും. പണം നല്‍കാനില്ലാത്തവര്‍ക്ക് സൗജന്യമായി ഊണ് കഴിക്കാം. ഇതിനായി ഹോട്ടലിലെ ബോര്‍ഡില്‍നിന്ന് ഷെയര്‍ മീല്‍സ് ടോക്കണ്‍ എടുത്ത് നല്‍കണമെന്നുമാത്രം. മറ്റൊരാളുടെ വിശപ്പകറ്റാന്‍ 25 രൂപ നല്‍കി ഷെയര്‍ മീല്‍സ് ടോക്കണ്‍ വാങ്ങി ബോര്‍ഡില്‍ സ്ഥാപിക്കാം.

ഓണത്തിനുമുമ്പ് ആയിരം ജനകീയ ഹോട്ടല്‍ ആരംഭിക്കുമെന്നും ഇവയ്ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാകുമെന്നും മന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. എ എം ആരിഫ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനല്‍കുമാര്‍, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എം എസ് സന്തോഷ്, വൈസ്പ്രസിഡന്റ് മഞ്ജു രതികുമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ ടി മാത്യു, പി എ ജുമൈലത്ത്, ഗായിക പി കെ മേദിനി എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News