കുളത്തൂപ്പുഴ; മലയാള പത്രത്തിന്റെ ഉറവിടം തേടി അന്വേഷണ സംഘം

കുളത്തൂപ്പുഴയില്‍ മുപ്പതടി പാലത്തിനു സമീപം പാക് വെടിയുണ്ട കണ്ടെടുത്ത സംഭവത്തിൽ വെടിയുണ്ട പൊതിഞ്ഞിരുന്ന മലയാള പത്രത്തിന്റെ ഉറവിടം തേടുകയാണ് അന്വേഷണ സംഘം. 2019 ജൂണിലും 2020 ജനുവരി 28നും പ്രസിദ്ധീകരിച്ച പത്രങ്ങളെ കുറിച്ചാണ് അന്വേഷണം തുടരുന്നത്. അതേസമയം വെടിയുണ്ട കണ്ടെത്തിയ സ്ഥലത്ത് അജ്ഞാതലായനി ഒഴിച്ച നിലയിൽ കാണപ്പെട്ടു.

14 വെടിയുണ്ടകളില്‍ 12 എണ്ണമാണ് പേപ്പറുകളില്‍ പൊതിഞ്ഞിരുന്നത്. രണ്ടെണ്ണം നിലത്ത് കിടക്കുകയായിരുന്നു. സംഭവത്തിന് പിന്നിലുള്ളവര്‍ക്ക് ന്യൂസ് പേപ്പര്‍ എവിടെനിന്ന് കിട്ടിയെന്നും കടകളിലോ മറ്റ് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നോ സാധനങ്ങള്‍ വാങ്ങിയപ്പോള്‍ കിട്ടിയതാണോയെന്നും അന്വേഷിക്കുന്നു.

ഒരു പത്രത്തില്‍ കിളിമാനൂര്‍, ചിറയിന്‍കീഴ് വാര്‍ത്തകളും മറ്റൊരു പത്രത്തില്‍ തിരുവനന്തപുരം, കൊല്ലം വാര്‍ത്തകളുമാണുള്ളത്. അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ബോധപൂര്‍വം ന്യൂസ് പേപ്പര്‍ ഉപയോഗിച്ചതാകാമെന്നും പൊലീസ് സംശയിക്കുന്നു. കുളത്തൂപ്പുഴ മുപ്പതടിപ്പാലത്തിന് സമീപത്തുനിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.

ഇവിടെനിന്നും പൊലീസ് കണ്ടെടുത്ത ഗ്ലാസ് ചില്ലുകള്‍ ടിപ്പര്‍ ലോറിയുടേത് ആണെന്ന് തിരിച്ചറിഞ്ഞു.ലോറി ഉടമയെയും അതിലെ തൊഴിലാളികളെയും തിരിച്ചറിഞ്ഞു. ഇതിനകം 250 ലധികം പേരെ പൊലീസ് ചോദ്യം ചെയ്തു.

അതേസമയം വെടിയുണ്ട കണ്ടെത്തിയ സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധനക്കെത്തിയപ്പോഴാണ് അജ്ഞാത മിശ്രിതം കലക്കി ഒഴിച്ചനിലയില്‍ കണ്ടത്. സിമന്റ് നിറത്തോട് സാമ്യമുള്ള മിശ്രിതലായനിയാണ് കലക്കി ഒഴിച്ചിരിക്കുന്നത്. പോലീസ് ഇവ രാസ പരിശോധനക്കയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here