തല ചായ്ക്കാൻ വീടൊരുക്കി; തണലായി സർക്കാർ; കേരളം വീണ്ടും ലോകമാതൃക

ഒരറ്റത്ത്‌ കലാപാഗ്നിയിൽ വീടുകൾ കത്തുമ്പോൾ രാജ്യത്തിന്റെ ഇങ്ങേത്തലയ്‌ക്കൽ ലക്ഷക്കണക്കിന്‌ മനുഷ്യർക്ക്‌ വീടിന്റെ സുരക്ഷയൊരുക്കി ജനത വിളിച്ചുപറഞ്ഞു, അതെ, കേരളം വീണ്ടും ലോകമാതൃക. രണ്ടുലക്ഷത്തിലേറെ വീടുകളിൽ അഭിമാനത്തോടെ പുതുജീവിതം തുടങ്ങിയ പത്തു ലക്ഷം പേരുടെ പ്രതിനിധി, മാധവിക്കുട്ടിയമ്മ കൈമാറിയ ജ്വാല മുഖ്യമന്ത്രി പിണറായി വിജയൻ തിരിവിളക്കിലേക്ക്‌ പകർന്നു.

പുത്തരിക്കണ്ടം മൈതാനിയിൽ തടിച്ചുകൂടിയ ജനസാഗരവും ചരിത്രവും സാക്ഷി. സംസ്ഥാന സർക്കാരിന്റെ അഭിമാനപദ്ധതിയായ ലൈഫ്‌ മിഷനിലൂടെ 2,14,262 വീടുകൾ കൈമാറിയതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

‘എന്റെ വീട്‌’ എന്ന അവകാശബോധത്തോടെ അന്തസ്സാർന്ന ജീവിതത്തിന്റെ അടിത്തറയിലേക്ക്‌ നടന്നുകയറിയ കുടുംബങ്ങൾ, അടുക്കളയിൽ പാൽക്കലം നിറഞ്ഞു തൂവുമ്പോൾ സന്തോഷം അണപൊട്ടിയ കണ്ണുകൾ, ഒരിക്കലും നിറവേറില്ലെന്ന്‌ കരുതിയ സ്വപ്‌നം സാക്ഷാൽക്കരിച്ചതിന്റെ വിസ്‌മയം വിട്ടുമാറാത്ത മുഖങ്ങൾ. എല്ലാവർക്കും വീടെന്ന സ്വപ്‌നലക്ഷ്യത്തിലേക്ക്‌ കുതിക്കുന്ന കേരളം ഉത്സവാന്തരീക്ഷത്തിലാണ്‌ ലൈഫിന്റെ നേട്ടത്തെ വരവേറ്റത്.

എല്ലാ ജില്ലകളിലും ഗുണഭോക്താക്കളുടെ സംഗമത്തിൽ വൻ ജനാവലി. തദ്ദേശഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നൂറുകണക്കിന്‌ കേന്ദ്രങ്ങളിൽ സംഗമങ്ങൾ നടന്നു. സംസ്ഥാനതല പ്രഖ്യാപനം നടന്ന പുത്തരിക്കണ്ടം മൈതാനിയിലെ വേദിയിൽ തുറന്ന വാഹനത്തിലാണ്‌ മുഖ്യമന്ത്രിയെ വരവേറ്റത്‌.

‘ഇന്ന്‌ രാവിലെ ഞങ്ങൾ ഒരു കുടുംബത്തിന്റെ കണ്ണ്‌ നിറയുന്നത്‌ കണ്ടു. സന്തോഷംകൊണ്ടാണെന്ന്‌ അവർ പറഞ്ഞു. അവർ എല്ലാ അർഥത്തിലും ചേർത്തുപിടിക്കേണ്ടവരാണ്‌. അതാണ്‌ സർക്കാർ ചെയ്യുന്നത്‌’–- ലൈഫ്‌ പദ്ധതിയിലൂടെ വീട്‌ ലഭിച്ച കരകുളത്തെ ഓമനയുടെയും ചന്ദ്രന്റെയും ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്തതിനെക്കുറിച്ച്‌ മുഖ്യമന്ത്രി പറഞ്ഞു.

വീട്‌ കൈമാറുന്നതോടെ അവസാനിക്കുന്നതല്ല ലൈഫ്‌ പദ്ധതിയെന്നും മെച്ചപ്പെട്ട ജീവിതത്തിനായി തുടർ ഇടപെടൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലൈഫിൽ മികച്ച പ്രവർത്തനം കാഴ്‌ചവച്ച തദ്ദേശഭരണസ്ഥാപനങ്ങൾക്ക്‌ പുരസ്കാരം സമ്മാനിച്ചു.

തദ്ദേശഭരണമന്ത്രി എ സി മൊയ്‌തീൻ അധ്യക്ഷനായി. ലൈഫ്‌ മിഷൻ സിഇഒ യു വി ജോസ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വാഗതവും ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി കെ മധു നന്ദിയും പറഞ്ഞു. മന്ത്രിമാരായ എ കെ ബാലൻ, കെ രാജു, എംഎൽഎമാരായ സി ദിവാകരൻ, കെ ആൻസലൻ, സി കെ ഹരീന്ദ്രൻ, ബി സത്യൻ, വി കെ പ്രശാന്ത്‌, മേയർ കെ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here