പാലാരിവട്ടം പാലം അഴിമതി; വീണ്ടും ചോദ്യം ചെയ്‌തു; മൊഴി ആവർത്തിച്ച്‌ ഇബ്രാഹിംകുഞ്ഞ്‌

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്തുമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ്‌ വീണ്ടും ചോദ്യംചെയ്‌തു. ക്രമക്കേടിൽ മന്ത്രിയുടെ പങ്ക്‌ വെളിപ്പെടുത്തുന്ന രേഖകളും മൊഴികളും സഹിതം നടത്തിയ ചോദ്യംചെയ്യൽ മൂന്നു മണിക്കൂർ നീണ്ടു. എന്നാൽ, താൻ തെറ്റ്‌ ചെയ്‌തിട്ടില്ലെന്ന പതിവ്‌ മറുപടിയാണ്‌ ഇബ്രാഹിംകുഞ്ഞ്‌ ആവർത്തിച്ചത്‌.

കേസിൽ പ്രതിചേർക്കുന്ന കാര്യമടക്കം അന്വേഷണ സംഘം അടുത്ത ദിവസം തീരുമാനിക്കും. ഇത്‌ രണ്ടാംതവണയാണ്‌ ഇബ്രാഹിംകുഞ്ഞിനെ ചോദ്യംചെയ്യുന്നത്‌. ശനിയാഴ്‌ച പകൽ പൂജപ്പുരയിലെ വിജിലൻസ്‌ സ്‌പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ്‌ ഒന്ന്‌ ആസ്ഥാനത്തായിരുന്നു ചോദ്യംചെയ്യൽ.

കഴിഞ്ഞ 15ന്‌ നടത്തിയ ചോദ്യംചെയ്യലിൽ അദ്ദേഹം നൽകിയ മൊഴിയിൽ വൈരുധ്യമുള്ളതിനാലാണ്‌ വീണ്ടും ചോദ്യം ചെയ്‌തത്‌. എന്നാൽ, പുതിയ മൊഴിയിലും വൈരുധ്യങ്ങൾ ഏറെയുണ്ട്‌.

ഇക്കാര്യം വിശദമായി പരിശോധിച്ച്‌ തുടർ നടപടി സ്വീകരിക്കാനാണ്‌ വിജിലൻസ്‌ തീരുമാനം. വിജിലൻസ്‌ എസ്‌പി വിനോദ്‌ കുമാറിന്റെയും ഡിവൈഎസ്‌പി ശ്യാംകുമാറിന്റെയും നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here