തരിശ് വയലിനെ ജനകീയ കൂട്ടായ്‌മയിലൂടെ പച്ച പുതപ്പിച്ച് ഒരു നാട്

തരിശ് വയലിനെ ജനകീയ കൂട്ടായ്‌മയിലൂടെ പച്ച പുതപ്പിച്ച നാടാണ് കണ്ണൂർ ജില്ലയിലെ ബക്കളം.ഇവിടെ ഇപ്പോൾ ജൈവ പച്ചക്കറി കൃഷിയിൽ ഒരു ഹരിത വിപ്ലവം തന്നെ നടക്കുകയാണ്.വിവിധ ഇനം പച്ചക്കറികൾക്ക് ഒപ്പം തണ്ണിമത്തൻ കൃഷിയിലും വിജയം കൊയ്യുകയാണ് ബക്കളത്തെ കർഷക കൂട്ടായ്മ.

കണ്ണൂരിലും തളിപ്പറമ്പിലും ഇടയിൽ ബക്കളത്ത് ദേശീയ പാതയോരത്ത് നിന്ന് നോക്കിയാൽ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ചക്കറി തോട്ടങ്ങൾ കാണാം. നാട്ടുകാരുടെ കൂട്ടായ്മയിൽ പച്ചക്കറി കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് ബക്കളം എന്ന ഗ്രാമം.

ഒരുകാലത്ത് തരിശായി കിടന്ന ഭൂമിയാണ് ഇപ്പോൾ പച്ചപുതച്ച് കിടക്കുന്നത്.കൊയ്ത്തുകഴിഞ്ഞ നെൽ പാടത്ത് വിവിധയിനം പച്ചക്കറികൾ സമൃദ്ധമായി വിളഞ്ഞു നിൽക്കുന്നു.ഒന്നാം വിള നെൽ കൃഷിക്ക് ശേഷം നിലമൊരുക്കിയാണ് പച്ചക്കറി കൃഷി ആരംഭിച്ചത്.

ചീര, വെണ്ട, പാവല്‍,താലോലി, പയര്‍, വെള്ളരി, , മത്തന്‍, ഇളവന്‍, പടവലം,പച്ച മുളക്,തക്കാളി തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു.കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ആന്തൂർ കൃഷിഭവൻ സഹായത്തോടു കൂടിയാണ് കൃഷിക്കാർ ഗ്രൂപ്പുകളായി തിരിഞ്ഞ് പച്ചക്കറി കൃഷി നടത്തുന്നത്.

നിലവിൽ 17 ഗ്രൂപ്പുകളിലായി 65ഓളം കർഷകരുണ്ട്.ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും കൃഷിഭവനിൽ നിന്നും ലഭിക്കുന്നു.

വേനൽക്കാലത്ത് ജലക്ഷാമം നേരിടുന്ന പ്രദേശത്ത് ജെയിംസ് മാത്യു എംഎൽഎ മുൻകൈയെടുത്താണ് ജലസേചന സൗകര്യങ്ങൾ ഒരുക്കി കൊടുത്തത്.എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 13 ലക്ഷം രൂപ ചെലവഴിച്ച് 2 കുഴൽ കിണറുകളും ടാങ്കുകളും സ്ഥാപിച്ചു.

ഡ്രിപ്പ് ഇറിഗേഷൻ വഴിയാണ് വെള്ളം എത്തിക്കുന്നത്.പച്ചക്കറിക്ക് പുറമേ തണ്ണിമത്തനും കൃഷി ചെയ്യുന്നുണ്ട്. മികച്ച വിളവും വരുമാനവുമാണ് തണ്ണിമത്തൻ കൃഷിയിലും ലഭിക്കുന്നത്.

ദേശീയപാതയോരത്തെ ഇക്കോ ഷോപ്പ് വഴി കൃഷി ചെയ്യുന്ന ഉത്പന്നങ്ങൾ വിൽപന നടത്തും.ദൂരസ്ഥലങ്ങളിൽ നിന്നുപോലും വിഷരഹിത പച്ചക്കറികൾ വാങ്ങാൻ ആളുകൾ ഇവിടെ എത്തും. ഇടനിലക്കാർ ഇല്ലാത്തതിനാൽ കൃഷിയുടെ ലാഭം പൂർണമായും കർഷകർക്ക് തന്നെ ലഭിക്കുന്നു.പ്രദേശത്തെ മറ്റു വയലുകളിലേക്ക് കൂടി വ്യാപിപ്പിച്ച് വരുംവർഷങ്ങളിൽ പച്ചക്കറി ഉല്പാദനം വർധിപ്പിക്കാൻ ആണ് കർഷക കൂട്ടായ്മ യുടെ ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News