കൊറോണ ഭീതിയിൽ ലോകം; വാഷിങ്ടണിൽ അടിയന്തരാവസ്ഥ; ഓസ്ട്രേലിയയിലും മരണം

ലോകത്തെ ഞെട്ടിച്ച് കൊറോണ വൈറസ് ബാധ(കൊവിഡ്-19). ചൈനയില്‍ രോഗബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ ലോകത്തെ മറ്റ് രാജ്യങ്ങളില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. അമേരിക്കയിൽ കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു.

ഇതേ തുടർന്ന് വാഷിംഗ്ടൺ സംസ്ഥാനത്തു അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. എന്നാൽ അമേരിക്കയിൽ സ്ഥിതി നിയന്ത്രണത്തിലാണെന്നും ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രസ്താവിച്ചു. വാഷിംഗ്ടണിലെ 50 വയസ്സ് പ്രായം പിന്നിട്ട സ്ത്രീക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിലും കൊറോണ മരണം റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌.

ലോകത്ത് കോവിഡ് 19 വൈറസ് ബാധയെ തുടർന്നുള്ള മരണം മൂവായിരത്തോട് അടുത്തു. ദക്ഷിണ കൊറിയക്ക് പിന്നാലെ ഇറാനിലും വൈറസ്ബാധ വ്യാപിക്കുകയാണ്. 85000ത്തിലധികം പേർക്ക് ഇതിനോടകം വൈറസ് ബാധിച്ചു. ചൈനയ്ക്ക് പുറത്ത് വിവിധ രാജ്യങ്ങളിൽ കൊവിഡ് 19 വ്യാപിക്കാൻ തുടങ്ങിയതോടെ ആശങ്ക ഏറുകയാണ്. ഇറാനിലും ദക്ഷിണ കൊറിയയിലും വൈറസ് ബാധിതരുടെ എണ്ണം കൂടുകയാണ്.

24 മണിക്കൂറിനിടെ 205 കേസുകളാണ് ഇറാനിൽ റിപ്പോർട്ട് ചെയ്തത്. ദക്ഷിണ കൊറിയയിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം 3,150 ആയി. 17 പേർ മരിച്ചു. ഇന്നലെ മാത്രം 813 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ചൈന, കഴിഞ്ഞാൽ ഏറ്റവുമധികം പേർക്ക് വൈറസ് ബാധ റിപ്പോ‍ർട്ട് ചെയ്ത ദക്ഷിണ കൊറിയയില്‍ സൈന്യം രംഗത്തിറങ്ങി. ദെയ്ഗിലാണ് സൈന്യത്തിന്‍റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

യൂറോപ്യൻ രാജ്യങ്ങളിൽ ഇറ്റലിയിലാണ് വൈറസ്ബാധ ഏറ്റവും രൂക്ഷമായത്. 43 പേർ ഇറ്റലിയിൽ മരിച്ചു. ആയിരത്തിലധികം പേർക്ക് വൈറസ്ബാധയേറ്റു. ചൈനയിൽ മരിച്ചവരുടെ എണ്ണം 2,835 ആയി. ഖത്തറിലും ഇക്വഡോറിലും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിനിടെ, വൈറസ് ബാധക്ക് ശേഷം ചൈനയിലെ വായു മലിനീകരണം കുറഞ്ഞതായുള്ള റിപ്പോ‍ർട്ട് നാസ പുറത്തുവിട്ടു.

കൊവിഡ് 19 ബാധിക്കുന്നതിന് മുമ്പ് ജനുവരിയിലെ ആദ്യ മൂന്ന് ആഴ്ചകളിൽ ചൈനയിലെ പ്രധാന നഗരങ്ങളിൽ നൈട്രജൻ ഡയോക്സൈഡ് അടിഞ്ഞു കൂടിയതായും ഫെബ്രുവരി അവസാന ആഴ്ചയോടെ വിഷപ്പുകയുടെ സാന്നിധ്യം ഇല്ലാതായി എന്നും വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ജാഗ്രതയുടെ ഭാഗമായി വുഹാൻ ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കുള്ള ഗതാഗത നിയന്ത്രണത്തിന്‍റെ ഫലമായാണ് ഈ മാറ്റമെന്നാണ് വിലയിരുത്തൽ.

അതേസമയം അമേരിക്കയ്ക്ക് പിന്നാലെ ഓസ്ട്രേലിയിലും കൊവിഡ് 19 (കൊറോണവൈറസ്) ബാധിച്ച രോഗി മരിച്ചു. പെർത്തിൽ നിന്നുള്ള എഴുപത്തിയെട്ട് കാരനാണ് രോഗം ബാധിച്ച് മരിച്ചത്. ഇയാളുടെ ഭാര്യ നിരീക്ഷണത്തിലാണ്.

ജപ്പാൻ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ഡയമണ്ട് പ്രിൻസസ് കപ്പലില്‍ കപ്പലിലെ യാത്രക്കായിരുന്നു ഇവർ. കോവിഡ് 19 ബാധയെത്തുടർന്നുള്ള അമേരിക്കയിലെ ആദ്യമരണം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ആസ്ട്രേലിയയും വൈറസ് ബാധ മൂലമുള്ള മരണം സ്ഥിരീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News