ഭവനരഹിതരായ പാവങ്ങള്‍ ഉണ്ടാകരുത്; ലൈഫ് പദ്ധതി മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാതിരുന്നവര്‍ക്കായി പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫിന്റെ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാതിരുന്നവര്‍ക്കും വീട് നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഭവനരഹിതരായ പാവങ്ങള്‍ ഉണ്ടാകരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന്റെ അടിസ്ഥാനത്തിലാണ് ലൈഫ് പദ്ധതിയുടെ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാതിരുന്നവരെകൂടി ഉള്‍പ്പെടുത്തി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.

റോട്ടറി ഇന്റര്‍നാഷണലിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ സാമൂഹ്യ സേവന പദ്ധതികളുടെ ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

2018 ലെ പ്രളയബാധിതര്‍ക്കായി റോട്ടറി ഇന്റര്‍നാഷണല്‍ എറണാകുളം നിര്‍മ്മിച്ച് നല്‍കിയ 28 വീടുകളുടെ താക്കോല്‍ദാനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. വിവിധതലങ്ങളില്‍ നിസ്തുലവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന റോട്ടറി ഇന്റര്‍നാഷണലുമായി വിവിധ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

റോട്ടറി ഇന്റര്‍നാഷണലിന്റെ വിവിധ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന എറ്റോസ് പ്രതിനിധി നാസര്‍ ഷെയ്ക്ക്, അഭിനേത്രി ആശാ ശരത് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

റോട്ടറി ജില്ലാ ഗവര്‍ണര്‍ മാധവ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി, പി. ടി തോമസ് എം.എല്‍.എ, റോട്ടറി ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ കമല്‍ സാംഗ്വി എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here