കൊട്ടിയൂര്‍ പീഡനം; റോബിന്‍ വടക്കുംചേരിയെ വൈദികവൃത്തിയില്‍ നിന്ന് പുറത്താക്കി; നടപടി വത്തിക്കാന്റേത്

തിരുവനന്തപുരം: കൊട്ടിയൂര്‍ ബലാത്സംഗ കേസ് പ്രതി റോബിന്‍ വടക്കുംചേരിയെ വൈദികവൃത്തിയില്‍ നിന്നും മാര്‍പാപ്പ പുറത്താക്കി.

വത്തിക്കാന്റെ നടപടി റോബിനെ അറിയിച്ചു. റോബിനെ മാനന്തവാടി രൂപതാധ്യക്ഷന്‍ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രത്യേക അധികാരം ഉപയോഗിച്ചാണ് മാര്‍പാപ്പയുടെ നടപടി.

കൊട്ടിയൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ റോബിന്‍ വടക്കുംചേരിക്ക് തലശ്ശേരി പോക്സോ കോടതി 60 വര്‍ഷം കഠിന തടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. 3 വകുപ്പുകളിലായി 20 വര്‍ഷം വീതമുള്ള ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.

പിഴ അടയ്ക്കാന്‍ തയാറായില്ലെങ്കില്‍ ഓരോ വര്‍ഷം വീതം അധിക തടവ് അനുഭവിക്കണം. പിഴത്തുകയില്‍ ഒന്നര ലക്ഷം രൂപ പെണ്‍കുട്ടിക്കു നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു.

കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ആയിരിക്കെ പള്ളിയിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ 2017ലാണ് റോബിന്‍ വടക്കുംചേരി അറസ്റ്റിലാകുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും വിവരം പുറത്തറിയാതിരിക്കാന്‍ വൈദികന്‍ പണം വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയുടെ അമ്മ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.

പെണ്‍കുട്ടി പ്രസവിച്ചത് ഫാദര്‍ റോബിന്‍ വടക്കുംചേരിയുടെ കുഞ്ഞിനെയാണെന്ന് പിന്നീട് ഡിഎന്‍എ പരിശോധനയിലൂടെ വ്യക്തമാകുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News