സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടയെ പ്രതിരോധിക്കാന്‍ സര്‍വകലാശാല യൂണിയനുകള്‍

ദില്ലി: വര്‍ഗീയ കലാപങ്ങള്‍ക്ക് വഴിയൊരുക്കുന്ന സംഘപരിവാര്‍ നിലപാടുകളെ വിദ്യാര്‍ത്ഥികളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് രാജ്യത്തെ സുപ്രധാന സര്‍വകലാശാല യൂണിയനുകള്‍. സിഎഎ വിരുദ്ധ സമരം ശക്തമാക്കാനും കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ ചെറുത്ത് നില്‍പ്പ് തുടരാനും നൂറോളം സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളുടെ കണ്‍വെന്‍ഷനില്‍ തീരുമാനമായി.

പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം ശക്തമാക്കാനാണ് സംഘപരിവാറും സംഘപരിവാറിനാല്‍ നയിക്കപ്പെടുന്ന കേന്ദ്ര സര്‍ക്കാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തിന് നാണക്കേട് സൃഷ്ടിച്ച ദില്ലി കലാപം ഇതിന്റെ ഉദാഹരണമാണ്.

സംഘപരിവാറിന്റെ ഈ വര്‍ഗീയ അജണ്ടയെ മതേതര നിലപാട് ഉയര്‍ത്തി പ്രതിരോധിക്കുമെന്നാണ് രാജ്യത്തെ സുപ്രധാന സര്‍വകലാശാല യൂണിയനുകളുടെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി പൗരത്വ നിയമ ഭേദഗതിക്കെതിരെ വിദ്യാര്‍ത്ഥി യൂണിയനുകളുടെ കണ്‍വെന്‍ഷന്‍ പ്രമേയം പാസാക്കി.

ജെഎന്‍യു, ഹൈദരാബാദ്, പോണ്ടിച്ചേരി, തുടങ്ങിയ രാജ്യത്തെ ഇരുനൂറോളം സര്‍വകാലശാല, കോളേജ് യൂണിയന്‍ ഭാരവാഹികള്‍ പങ്കെടുത്ത യൂണിയന്‍സ് ഇന്‍ ആക്ഷന്‍ പരിപാടിയിലായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേരിലുള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ ചെറുത്ത് നില്‍പ്പ് ശക്തമാക്കാനും കണ്‍വെന്‍ഷനില്‍ തീരുമാനമായി.

സാമ്പത്തിക വിദഗ്ദ്ധയും ജെഎന്‍യു അധ്യാപികയുമായ ജയന്തി ഘോഷ് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം സമൂഹത്തിന് വേണ്ടിയാണെന്ന് സര്‍ക്കാര്‍ കരുതുന്നില്ല. ചിന്തിക്കുന്ന, ചോദ്യം ചെയ്യുന്ന പൗരന്മാര്‍ വേണ്ടെന്നാണ് ഈ സര്‍ക്കാരിന്റെ ആഗ്രഹമെന്ന് ജയന്തി ഘോഷ് ചൂണ്ടിക്കാട്ടി

അശോക, അമിറ്റി തുടങ്ങിയ സ്വകാര്യ സര്‍വകലാശാലകളില്‍ നിന്നടക്കം വിദ്യാര്‍ത്ഥി പങ്കാളിത്തമുണ്ടായി. പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രമേയം കൂടാതെ സൗജന്യവും ശാസ്ത്രീയവുമായ വിദ്യാഭ്യാസം ഉറപ്പാക്കുക, ജനാധിപത്യ ക്യാമ്പസുകള്‍ ഉറപ്പുനല്‍കുക, സാമൂഹ്യനീതി, സംവരണം, ലിംഗ നീതി, എന്നിവ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള മറ്റ് 6 പ്രമേയങ്ങളും കണ്‍വെന്‍ഷന്‍ പാസാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News