ദില്ലി കലാപം: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണസംഖ്യ 45 ആയി

ന്യൂഡല്‍ഹി: മൂന്ന്ദിവസത്തോളം ഡല്‍ഹിയില്‍ അരങ്ങേറിയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി. കലാപബാധിത പ്രദേശങ്ങളില്‍ നിന്ന് വീണ്ടും മൃതദേഹങ്ങള്‍ കണ്ടെത്തി.

ദയാല്‍പുരി പൊലീസ് സ്റ്റേഷനടുത്തുള്ള അഴുക്കുചാലില്‍ നിന്നാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹങ്ങള്‍ ആര്‍എംഎല്‍ ആശുപത്രിയിലേക്ക് മാറ്റി.

സുരക്ഷാ ഉദ്യോഗസ്ഥര്‍ കലാപബാധിതമേഖലകളില്‍ ഫ്‌ലാഗ്മാര്‍ച്ചുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ചില സ്ഥലങ്ങളില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങി.

ജിടിബി ആശുപത്രിയില്‍ 45 പേര്‍ ചികിത്സയില്‍ ഉണ്ട്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ 10, 12 ക്ലാസുകളിലേക്കുള്ള പരീക്ഷ മാര്‍ച്ച് രണ്ടിന് നടത്തുമെന്ന് സിബിഎസ്ഇ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ നല്‍കാന്‍ കോടതി ഡല്‍ഹി സര്‍ക്കാരിനോടും പൊലീസിനോടും നിര്‍ദേശിച്ചു.

കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വിട്ടുകിട്ടാന്‍ വൈകുന്നതായി പരാതിയുണ്ട്.

മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതും കാത്ത് നിരവധി കുടുംബം ഇപ്പോഴും ജിടിബി ആശുപത്രിയിലുണ്ട്. 25 മൃതദേഹം വിട്ടുകൊടുത്തു.

കാണാതായവര്‍ക്കുവേണ്ടി ആശുപത്രികളിലും പൊലീസ് സ്റ്റേഷനുകളിലും നിരവധി പേര്‍ ഇപ്പോഴും കയറിഇറങ്ങുകയാണ്.

വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാവ് കപില്‍ മിശ്ര സംഘപരിവാര്‍ അനുകൂലികള്‍ ജന്തര്‍ മന്ദറില്‍ സംഘടിപ്പിച്ച സമാധാനയോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here