ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കണം; അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍. ഇവരെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.

മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നോര്‍ക്കയെ ചുമതലപ്പെടുത്തിയതായി മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചിട്ടുണ്ട്. ഇറാനിലെ എംബസിയുമായി നോര്‍ക്ക സിഇഒ ബന്ധപ്പെട്ടിട്ടുണ്ട്.

കൊവിഡ് 19 ന്റെ സുരക്ഷാ നടപടികളുടെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ നിന്നുള്ള മത്സ്യതൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങി കിടക്കുന്നത്. തിരുവനന്തപുരം സ്വദേശികളായ 17 പേര്‍ അടക്കം 23 പേരാണ് നാട്ടിലേക്ക് തിരിച്ചെത്താനാകാതെ കുടുങ്ങിയത്. പൊഴിയൂര്‍, വിഴിഞ്ഞം , മരിയനാട് എന്നിവടങ്ങളില്‍ നിന്നും പോയവരാണ് പുറത്തിറങ്ങാനാകാതെ കഴിയുന്നത്.

ഇറാനിലെ അസലൂരിലാണ് മല്‍സ്യതൊഴിലാളികള്‍ കുടുങ്ങിയത്. നാലുമാസം മുമ്പാണ് ഇവര്‍ മല്‍സ്യബന്ധന വിസയില്‍ ഇറാനിലെത്തിയത്. മുറിക്ക് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല. ശേഖരിച്ച് വച്ചിരുന്ന ആഹാരസാധനങ്ങളും കഴിഞ്ഞു. ഇനി എന്ത് ചെയ്യുമെന്ന് അറിയാത്ത അവസ്ഥയാണെന്നും മല്‍സ്യതൊഴിലാളികള്‍ പറയുന്നു.

സ്പോണ്‍സറെ ബന്ധപ്പെട്ട് നാട്ടിലേക്ക് തിരിച്ച് വരാനും കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്. സര്‍ക്കാര്‍ വൃത്തങ്ങളെ വിവരം അറിയിച്ച് ഇന്ത്യയിലേക്ക് മടങ്ങാനാണ് സ്പോണ്‍സര്‍ പറയുന്നതെന്നും മത്സ്യതൊഴിലാളികള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News