രാജ്യത്തിന് മാതൃകയാണ് നവകേരള നിര്‍മാണം: മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: പുതിയ കേരളം പടുത്തുയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും കേരളത്തിന്റെ പുനർനിർമാണം രാജ്യത്തിന് മാതൃകയാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം ടൗൺഹാളിൽ പ്രളയബാധിതർക്കായി ആസ്റ്റർ ഹോംസ് നിർമിച്ച 100 വീടുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വീടില്ലാത്ത പാവപ്പെട്ടവർ കേരളത്തിലുണ്ടാകരുതെന്നാണ്‌ സർക്കാർ ആഗ്രഹിക്കുന്നത്‌. 2018ലെ പ്രളയമുണ്ടാക്കിയ നഷ്ടത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ്‌ സർക്കാർ. ജനങ്ങളുടെ ഒത്തൊരുമയും ഐക്യവുമാണ് അതിജീവനത്തിന്റെ ശക്തി.

റീബിൽഡ് കേരള പദ്ധതി പ്രഖ്യാപിച്ചപ്പോൾ ലോകമെമ്പാടുമുള്ള മലയാളികൾ സഹകരിക്കാൻ തയ്യാറായി. ആദ്യഘട്ടം മുതൽ ആസ്റ്റർ ഗ്രൂപ്പ്‌ സർക്കാരിനൊപ്പം നിന്നു. സാമൂഹ്യ സേവനത്തിൽ ആസ്റ്റർ മാതൃകാപ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നും ആസാദ് മൂപ്പൻ മനുഷ്യസ്‌നേഹിയായ സംരംഭകനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലൈഫ് ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടാത്ത അർഹരുണ്ടെന്ന് അഭിപ്രായമുയർന്നിട്ടുണ്ട്‌. നിലവിലെ പട്ടികയിലെ ഗുണഭോക്താക്കളെ കൂടാതെ മാനദണ്ഡങ്ങൾക്കനുസരിച്ച് പുതിയ ഗുണഭോക്താക്കളെ കണ്ടെത്തി മറ്റൊരു പട്ടിക തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ സാമൂഹ്യപ്രവർത്തന വിഭാഗമായ ആസ്റ്റർ വളന്റിയേഴ്സ് ആസ്റ്റർ ഹോംസ് എന്ന ഭവനനിർമാണ സംരംഭത്തിനു കീഴിൽ 250 വീടുകളാണ് നിർമിക്കുന്നത്. ആറ്‌ ജില്ലകളിലായി 100 വീടുകൾ പൂർത്തിയാക്കി.

ബാക്കി വീടുകളുടെ നിർമാണം അടുത്തവർഷം പൂർത്തിയാക്കുമെന്ന്‌ ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി. കോഴിക്കോടും വയനാട്ടിലും 2019ലെ പ്രളയത്തിൽ വീട്‌ തകർന്നവർക്ക്‌ വീട്‌ നിർമിച്ചു നൽകുമെന്നും അദ്ദേഹം പറഞ്ഞു. മേയർ സൗമിനി ജെയിൻ അധ്യക്ഷയായി.

ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ടി ജെ വിനോദ്, എസ് ശർമ, വി ഡി സതീശൻ, ഇബ്രാഹിംകുഞ്ഞ്, അൻവർ സാദത്ത് എന്നിവർ സംസാരിച്ചു. ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി ഡോ. ആസാദ് മൂപ്പൻ സ്വാഗതവും ഫൗണ്ടേഷൻ സീനിയർ മാനേജർ ലത്തീഫ്‌ കാസിം നന്ദിയും പറഞ്ഞു.

വീട്‌ രൂപകല്പന ചെയ്ത ഹാബിറ്റാറ്റ് ഗ്രൂപ്പ് ചെയർമാൻ ജി ശങ്കർ, ഭവന നിർമാണത്തിൽ പങ്കാളിയായ റോട്ടറി ഇന്റർനാഷണൽ പ്രതിനിധി എ വി പതി, ടെഫ പ്രതിനിധി ആദം ഒജീന്തകം, സ്ഥലം നൽകിയ സമദ് നെടുമ്പാശ്ശേരി, മരയ്‌ക്കാർ ഹാജി, ജോയി അറയ്‌ക്കൽ എന്നിവരെ ആദരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here