ബീജിങ്: ലോകത്തെ വിറപ്പിച്ച് കോവിഡ് 19 (കൊറോണ) പടരുന്നു. ഇറാനില്‍ 24 മണിക്കൂറിനിടെ 11പേര്‍ മരിച്ചു. അമേരിക്കയിലും തായ്‌ലന്‍ഡിലും ആദ്യ മരണങ്ങള്‍ സ്ഥിരീകരിച്ചു. ഞായറാഴ്ച അയര്‍ലന്‍ഡിലും വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗം സ്ഥിരീകരിച്ച രാജ്യങ്ങളുടെ എണ്ണം 63 ആയി. കോവിഡ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 2,900 കടന്നു. 86,000 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു.
അമേരിക്കയില്‍ ശനിയാഴ്ചയും തായ്ലന്‍ഡില്‍ ഞായറാഴ്ചയുമാണ് ആദ്യ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇറാനില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 54 ആയി. 978 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒറ്റദിവസം 385 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്തെ പ്രധാന തീര്‍ഥാടനകേന്ദ്രമായ മഷാദ്, തലസ്ഥാന നഗരം തെഹ്റാന്‍ തുടങ്ങിയ നഗരങ്ങളിലെല്ലാം വൈറസ് പടര്‍ന്നതായി ആരോഗ്യമന്ത്രാലയം വക്താവ് കിയാനൗഷ് ജഹന്‍പൗര്‍ പറഞ്ഞു.
അയര്‍ലന്‍ഡില്‍ ഇറ്റലിയില്‍നിന്നെത്തിയ ആളിലാണ് വൈറസ് കണ്ടെത്തിയത്. ചൈനയ്ക്കും ഇറാനും ശേഷം ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇറ്റലിയിലാണ്. ഇവിടെ 29 പേര്‍ മരിച്ചു. ദക്ഷിണ കൊറിയയില്‍ മരിച്ചവരുടെ എണ്ണം 17 ആയി.
ഇന്ത്യയില്‍ മൂന്നുപേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. അതിനിടെ കോഴിക്കോട്ടുനിന്നുളള സ്ത്രീയെ രോഗബാധ സംശയിച്ച് നിരീക്ഷണത്തിലാക്കി. കൊറോണ വൈറസിന്റെ ഉറവിടരാജ്യമായ ചൈനയില്‍മാത്രം 2,870 പേര്‍ മരിച്ചു. 79,824 പേര്‍ രോഗബാധിതരാണ്. അതിനിടെ കോവിഡ് 19ന്റെ പേരില്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ എല്ലാ രാജ്യങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യസംഘടന പ്രസ്താവനയില്‍ പറഞ്ഞു.
പാക്-അഫ്ഗാന്‍ അതിര്‍ത്തി അടച്ചു
പാകിസ്ഥാനില്‍ രണ്ടുപേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ അഫ്ഗാനിസ്ഥാനുമായുള്ള അതിര്‍ത്തി അടച്ചു. തിങ്കളാഴ്ചമുതല്‍ ഏഴുദിവത്തേക്കാണ് ബലൂചിസ്ഥാനിലെ–ചമന്‍ അതിര്‍ത്തി അടച്ചത്.
നാലുപേര്‍ക്കാണ് പാകിസ്ഥാനില്‍ രോഗം സ്ഥിരീകരിച്ചത്. വൈറസ് റിപ്പോര്‍ട്ട്ചെയ്ത സിന്ധ്, കറാച്ചി, ബലൂചിസ്ഥാന്‍ പ്രവിശ്യകളിലെ സ്‌കൂളുകള്‍ അടച്ചു. ഇറാനില്‍നിന്ന് തിരിച്ചെത്തിയ ഇരുനൂറോളംപേര്‍ നിരീക്ഷണത്തിലാണ്.

Get real time update about this post categories directly on your device, subscribe now.