സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നത് ഗൗരവതരം; തിരകള്‍ കാണാതായതില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വരും മുമ്പ് വിവരങ്ങള്‍ ചോര്‍ന്നത് നല്ല പ്രവണതയല്ലെന്നും അത് ഗൗരവമായി കാണുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അത് നിയമസഭയുടെ ഭാഗമാക്കിയ രേഖയാണ്.

സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നുവെന്നത് വസ്തുത തന്നെയാണ്.സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് നിയമസഭയിലാണ്. ചോര്‍ന്നത് ആരോഗ്യകരമായ കീഴ് വഴക്കമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന പൊലീസിന്റെ കൈവശമുള്ള തോക്കുകളും തിരകളും കാണാതായെന്ന സിഎജി കണ്ടെത്തല്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തോക്കുകള്‍ കാണാതായെന്ന കണ്ടെത്തല്‍ വസ്തുതാ വിരുദ്ധമാണ് എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

തിരകള്‍ കാണാതായ സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയാണ്. കണ്ടെത്തല്‍ ഗൗരവമെന്ന് കണ്ട് തന്നെയാണ് അന്വേഷണത്തിന് തയ്യാറായതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു. ബുള്ളറ്റ്പ്രൂഫ് കാറുകള്‍ വാങ്ങിയതും ചട്ടപ്രകാരം ആണെന്നും പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

തിരകള്‍ കാണാതായതില്‍ 2015 ല്‍ തന്നെ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ആ ബോര്‍ഡിന്റെ അലംഭാവമാണ് സിഎജി ചൂണ്ടിക്കാട്ടുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

വ്യാജ വെടിയുണ്ടയുടെ പുറംചട്ട വെച്ചത് യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിട്ടുണ്ട്. കുറ്റാരോപിതരായ 11 പേര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിച്ചതായും അ്‌റിയിച്ചു.

2015 ല്‍ മൂന്നു പേരടങ്ങുന്ന ബോര്‍ഡ് അന്വേഷിച്ചു. തിരകളുടെ എണ്ണത്തില്‍ അന്ന് കുറവില്ലെന്നാണ് കണ്ടെത്തിയത്.സി എ ജി കണ്ടെത്തലിനു മുന്‍പേ തിരകളുടെ എണ്ണത്തില്‍ കുറവ് കണ്ടെത്തി.അന്ന് സീല്‍ ചെയ്ത പെട്ടികള്‍ തുറക്കാതെ കുറവില്ല എന്ന് റിപ്പോര്‍ട്ട് നല്‍കി. അന്ന് അത് മൂടി വയ്ക്കാന്‍ ശ്രമം നടന്നു. 2016ലാണ് പിന്നീട് അന്വേഷണം നടത്തിയത് ഗൗരവത്തോടെ സര്‍ക്കാര്‍ കാണുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അന്വേഷിക്കാന്‍ സിബിഐയെ ചുമതലപ്പെടുത്തണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തില്‍ അന്വേഷണത്തിന് നമ്മുടേതായ സംവിധാനങ്ങള്‍ ഉണ്ടെന്നും ആ അന്വേഷണം നടക്കട്ടെ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News