കലാപങ്ങള്‍ തടയുന്നതില്‍ സുപ്രീംകോടതിക്ക് പരിമിതികള്‍ ഉണ്ടെന്ന് ചീഫ് ജസ്റ്റിസ്

ദില്ലി: കലാപങ്ങള്‍ തടയുന്നതില്‍ ഞങ്ങള്‍ക്ക് പരിമിതികള്‍ ഉണ്ടെന്ന് സുപ്രീംകോടതി. കലാപങ്ങള്‍ ഉണ്ടായ ശേഷമാണ് വിഷയം പരിഗണനയ്ക്ക് എത്തുന്നത്. മുന്‍ കരുതല്‍ നടപടികള്‍ എടുക്കാന്‍ കോടതിക്ക് സാധിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ.

വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്ക് എതിരെ ഉടന്‍ എഫ്‌ഐആര്‍ ഇടണം എന്ന ഹര്‍ജി പരിഗണിക്കവെയാണ് കോടതി പരാമര്‍ശം. ഹര്‍ജി ബുധനാഴ്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.

വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ക്ക് എതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി ഏപ്രില്‍ 13ലേക്ക് മാറ്റിയിരുന്നു. കേസ് ദീര്‍ഘ കാലയളവിലേക്ക് മാറ്റി വച്ച ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീലില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന ആവശ്യം പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേയുടെ പരാമര്‍ശം.

ആളുകള്‍ മരിക്കണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. കലാപങ്ങള്‍ അരങ്ങേറിയ ശേഷമാണ് വിഷയം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. ഇത്തരം സാഹചര്യങ്ങള്‍ അഭിമുഖീകരിക്കാന്‍ ഞങ്ങള്‍ സജ്ജരല്ല. മുന്‍കരുതല്‍ നടപടികള്‍ പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക്പരിമിതികള്‍ ഉണ്ട് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ നിരീക്ഷിച്ചു. ബിജെപി നേതാക്കള്‍ക്ക് എതിരെ ഉടന്‍ എഫ് ഐ ആര്‍ ഇടണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദറാണ് ഹര്‍ജി നല്‍കിയത്.

ആളുകള്‍ ദിവസേന മരിച്ചുവീഴുമ്പോള്‍ ഹൈക്കോടതി കേസ് നീട്ടിവച്ചത് ശരിയല്ല. അതുകൊണ്ട് സുപ്രീംകോടതി കേസ് പരിഗണിക്കണം എന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോളിന്‍ ഗോണ്‌സാല്വസ് ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച കോടതി മാര്‍ച്ച് നാലിന് ഹര്‍ജി പരിഗണിക്കാം എന്ന് അറിയിച്ചു.

ദില്ലി കലാപ കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനാല്‍ വിഷയത്തില്‍ മുന്‍പ് സുപ്രീംകോടതി ഇടപെടാന്‍ വിസമതിച്ചതാണ്. അതേസമയം അനുരാഗ് താക്കൂര്‍ അടക്കമുള്ളവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സിപിഐ എം പൊളിറ്റ് ബ്യുറോ അംഗം ബ്രിന്ദ കാരാട്ടിന്റെ പരാതി ദില്ലി റോസ് അവന്യു കോടതി ഉത്തരവിടാനായി മാറ്റി. ഏപ്രില്‍ 23ന് കോടതി ഉത്തരവിറക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News