സംസ്ഥാനത്തെ അങ്കണവാടി വിദ്യാര്‍ത്ഥികള്‍ക്ക് 4.96 കോടിയുടെ മെഡിസിന്‍ കിറ്റ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി കുട്ടികള്‍ക്ക് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡ് വഴി മെഡിസിന്‍ കിറ്റ് നേരിട്ട് വാങ്ങി നല്‍കുന്നതിന് 4,95,75,750 രൂപയുടെ അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 32,986 അങ്കണവാടികള്‍ക്കും 129 മിനി അങ്കണവാടികള്‍ക്കുമായാണ് മെഡിസിന്‍ കിറ്റ് വാങ്ങുന്നത്.

അങ്കണവാടികളിലെ എല്ലാ കുട്ടികള്‍ക്കും മെഡിസിന്‍ കിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് പ്രകാരം ഒരു അങ്കണവാടിക്ക് 1500 രൂപ വീതവും മിനി അങ്കണവാടിക്ക് 750 രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. ഇത് കുട്ടികളുടെ ആരോഗ്യ കാര്യങ്ങളില്‍ വളരെയേറെ സഹായിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ അങ്കവാടികളെ സമൂലം പരിഷ്‌ക്കരിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. അങ്കണവാടികളുടെ ശാക്തീകരണം ലക്ഷ്യമാക്കിക്കൊണ്ട് സ്മാര്‍ട്ട് അങ്കണവാടികള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

അങ്കണവാടികളുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി കുട്ടികളുടെ ബൗദ്ധിക വികാസത്തിന് ഊന്നല്‍ നല്‍കുന്ന മോഡല്‍ അങ്കണവാടികളാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സംസ്ഥാനത്ത് അങ്കണവാടി കം ക്രഷുകള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.

പൈലറ്റടിസ്ഥാനത്തില്‍ 15 അങ്കണവാടി കം ക്രഷുകള്‍ക്കാണ് അനുമതി നല്‍കിയത്. ഇതിന്റെ സുഗമമായ നടത്തിപ്പിന് 20.59 ലക്ഷം രൂപയുടെ ഭരണാനുമതിയും നല്‍കിയിരുന്നു.

ഇതുകൂടാതെ രണ്ട് വയസിന് മുകളിലുള്ള കുട്ടികളെക്കൂടി അങ്കണവാടികളിലെത്തിച്ച് അവരുടെ പോഷകാഹാരം ഉറപ്പുവരുത്താനുള്ള ശ്രമത്തിലുമാണ് സര്‍ക്കാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News