സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ന്നു; വിപ്ലവകരമായ മാറ്റമാണ് നാം കൈവരിച്ചത്: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങളാണുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കമ്പ്യൂട്ടർ ലാബും ലൈബ്രറിയുമായി ക്ലാസ് മുറികൾ തന്നെ അന്താരാഷ്ട്ര നിലവാരത്തിലാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ‘സർഗവായന, സമ്പൂർണ വായന’ പദ്ധതി സമ്പൂർണ ക്ലാസ്റൂം ലൈബ്രറി പ്രഖ്യാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വായന നല്ലതുപോലെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സർക്കാർ ഉദ്ദേശ്യം. സമ്പൂർണ ക്ലാസ്റൂം ലൈബ്രറിയുടെ ഭാഗമായി ലഭിക്കുന്ന പുസ്തകങ്ങളെ അടുത്തറിയാൻ വിദ്യാർഥികൾ ശ്രമിക്കണം.

അധ്യാപകരും പാഠപുസ്തകങ്ങളും നൽകുന്ന അറിവ് പ്രധാനമാണ്. അതിനൊപ്പം അറിവ് വർധിപ്പിക്കാൻ പുസ്തകത്തോളം ഉപകരിക്കുന്ന മറ്റൊന്നില്ല. ഏതു സാഹചര്യത്തിലുള്ളവരാണെങ്കിലും പുസ്തകവായന നൽകുന്ന അനുഭൂതി പ്രത്യേക തലത്തിലുള്ളതാണ്.

അച്ചടി വായനയ്ക്കൊപ്പം ഇലക്ട്രോണിക് വായനയും ഇപ്പോൾ സജീവമാണ്. എല്ലാത്തിനും അവസരമൊരുക്കാൻ ക്ലാസ് മുറികളിൽ തന്നെ എല്ലാ സൗകര്യങ്ങളും ഒത്തിണങ്ങുകയാണ്.

‘സർഗവായന, സമ്പൂർണ വായന’ പദ്ധതിക്കായി അഞ്ചുലക്ഷം പുസ്തകം ശേഖരിക്കാനാണ് കരുതിയതെങ്കിലും എട്ടുലക്ഷം പുസ്തകങ്ങളാണ് തിരുവനന്തപുരത്ത് ലഭിച്ചത്.

വിദ്യാഭ്യാസമേഖലയിൽ നടത്തുന്ന ഗുണപരമായ കാര്യങ്ങൾക്ക് നാടും നാട്ടുകാരും എത്രത്തോളം സഹായിക്കും എന്നതിന് ഉദാഹരണമാണിത്.

ഇതിനൊപ്പം പ്രാദേശിക ലൈബ്രറികളിൽനിന്നുള്ള പുസ്തകങ്ങളും വിദ്യാർഥികൾക്ക് ലഭ്യമാക്കാനുള്ള നടപടി ജില്ലാ പഞ്ചായത്ത് കൈക്കൊണ്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മുഴുവൻ ക്ലാസുകളിലും ജൂണിന് മുമ്പ് ലൈബ്രറി സജ്ജീകരിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് പറഞ്ഞു.

പുതിയ അധ്യയന വർഷത്തോടെ വലിയ മാറ്റങ്ങളിലേക്കാണ് വിദ്യാഭ്യാസമേഖല കടക്കുന്നത്. ഒന്നുമുതൽ 12 വരെ ക്ലാസുകൾ ഹൈടെക്കാകുകയാണ്.

ഏറ്റവും ആധുനിക വിദ്യാഭ്യാസം നൽകുകയാണ് ലക്ഷ്യം. ജനകീയത, മാനവികത, ആധുനികത എന്നിവയുടെ സങ്കലനമാണ് പൊതുവിദ്യാഭ്യാസയജ്ഞമെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ എല്ലാ സ്‌കൂളുകളിലും എല്ലാ ക്ലാസ് റൂമുകളിലും ലൈബ്രറി സജ്ജീകരിക്കാനാണ് ‘സർഗവായന, സമ്പൂർണ വായന’ പദ്ധതി ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ചത്.

988 സ്‌കൂളുകളിലായി 10,681 ക്ലാസ് റൂമുകളിൽ ലൈബ്രറി സജ്ജീകരിക്കുന്നതിനായി ഇതിനകം എട്ടുലക്ഷം പുസ്തകങ്ങൾ ശേഖരിച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News