ജമന്തിച്ചെടിയെന്നു പറഞ്ഞ് വീട്ടുമുറ്റത്ത് കഞ്ചാവ് വളര്‍ത്തി; അമ്മയെ പറ്റിച്ച യുവാവിനെ പൊലീസ് പൊക്കി

മുറ്റത്ത് വീണുകിടക്കുന്ന കരിയില എടുത്ത് തിരിച്ചുപോലും വെക്കാത്ത ചെറുക്കനാണ് പെട്ടന്ന് ഇവന് ഇതെന്തുപറ്റി. മകന്‍ വീട്ടുമുറ്റത്ത് ചെടി വളര്‍ത്തുന്നതും പതിവായി വെള്ളമൊഴിക്കുന്നതും കണ്ട് അമ്മപോലും അതിശയിച്ചുപോയി. ഇന്നുവരെ ഒരു ചെടിപോലും നട്ടു വളര്‍ത്താത്ത മകന്‍ നട്ടു നനയ്ക്കുന്നത് വിശേഷപ്പെട്ട എന്തോ ചെടിയാണെന്ന തോന്നലിലാകണം അമ്മ മകനോട് കാര്യം തിരക്കുകയും ചെയ്തു. ജമന്തിപോലൊരു ചെടിയാണെന്നായിരുന്നു മകന് അമ്മയോട് പറഞ്ഞത്.

വീട്ടില്‍ പൊലീസെത്തി മകനെ അറസ്റ്റ് ചെയ്തപ്പോഴാണ് അമ്മ പോലും വീട്ടില്‍ വളര്‍ത്തിയിരുന്നത് ജമന്തിയല്ല കഞ്ചാവ് ചെടിയാണെന്ന് അറിഞ്ഞത്. അമര്‍ അക്ബര്‍ അന്തോണിയില്‍ എന്ന സിനിമയില്‍ ഉണ്ണി എന്ന നടന്‍ പിഷാരടിയുടെ കഥാപാത്രത്തെ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന രംഗമാണെന്ന് കരുതുന്നുണ്ടോ !. എന്നാല്‍ തെറ്റി.. സിനിമയിലെ ഉണ്ണിയെയല്ല, കുത്തിയതോട് പഞ്ചായത്ത് പത്താംവാര്‍ഡില്‍ ചാലാപ്പള്ളി വീട്ടില്‍ ഷാരൂണിനെയാണ് കുത്തിയതോട് പൊലീസ് അറസ്റ്റു ചെയ്തത്.

വീട്ടുമുറ്റത്ത് കഞ്ചാവുചെടി നട്ടുവളര്‍ത്തിയ 24കാരനെ കുടുക്കിയത് മകന്‍ അമ്മയോട് പറഞ്ഞ കള്ളം തന്നെയാണ്. അമ്മയോട് ജമന്തിയാണെന്ന് കള്ളം പറഞ്ഞ് മകന്‍ വീട്ടുമുറ്റത്തെ പ്ലാസ്റ്റിക് ചാക്കിനകത്ത് നട്ടുവളര്‍ത്തുന്നത് കഞ്ചാവ് ചെടിയാണെന്ന് പത്താംവാര്‍ഡില്‍ ജനമൈത്രി ബീറ്റ് നടത്തിയിരുന്ന കുത്തിയതോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെആര്‍ രതീഷും പ്രവീണും കണ്ടെത്തി.

വിവരം അറിഞ്ഞയുടന്‍ ഇരുവരും സംഭവം മേലുദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് മേലുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ഇവര്‍ രഹസ്യമായി ഷാരുണിനെ നിരീക്ഷിച്ചു. തുടര്‍ന്ന് ഷാരൂണ്‍ കഞ്ചാവ് ചെടികളെ പരിപാലിക്കുന്ന സമയത്ത് കുത്തിയതോട് എസ്ഐ ഏലിയാസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പൊലീസ് വീട്ടിലെത്തി ഷാരുണിനെ കയ്യോടെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.

യുവാവിനെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും പൊലീസിന് ഷാരൂണിന്റെ പക്കല്‍നിന്ന് കഞ്ചാവ് വാങ്ങി ഉപയോഗിക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും വിവരങ്ങള്‍ ഉള്‍പ്പെടെ ലഭിച്ചുണ്ട്. ഷാരൂണിനെ മുന്‍പും കഞ്ചാവ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2016ല്‍ കഞ്ചാവ് ഉപയോഗിച്ചതിനാണ് കുത്തിയതോട് പൊലീസ് ഷാരൂണിനെ അറസ്റ്റുചെയ്തത്. ഈ കേസില്‍ ഇയാളെ കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News