മോഡിയും അമിത് ഷായും തെറ്റിയോ?

ഡൽഹി കലാപത്തിന്‍റെ മൂന്നാം ദിനത്തിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവൽ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചത് കണ്ട് ഏവരും നെറ്റി ചുളിച്ചു.

പ്രധാനമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരമാണ് അജിത്ത് ഡോവൽ നേരിട്ട് കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചത് എന്ന വാർത്ത വന്നപ്പോൾ ചിലരെങ്കിലും മനസിൽ കുറിച്ചു,മോഡിയും അമിത് ഷായും തമ്മിൽ തെറ്റി.അമിത് ഷായെ മറി കടന്നാണ് അജിത്ത് ഡോവലിനെ കലാപബാധിത പ്രദേശങ്ങളിലേക്ക് അയച്ചതെന്ന് ചിലരെങ്കിലും കരുതി.

അത്ഭുതകരമെന്ന് പറയട്ടെ അജിത്ത് ഡോവലിന്‍റെ അർധരാത്രി സന്ദർശനത്തിന് ശേഷം സ്വിച്ചിട്ടപോലെ അക്രമങ്ങൾ നിലച്ചു.ഷായ്ക്ക് മൂന്ന് ദിവസം ക‍ഴിയാതിരുന്നത് ഒരു അർധരാത്രി സന്ദർശനത്തോടെ അജിത്ത് ഡോവലിന് ക‍ഴിഞ്ഞുവെന്ന് ചിലർ വ്യഖ്യാനിച്ചു.

എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും രണ്ട് തോണിയിൽ സഞ്ചരിക്കുന്നവരാണോ?അല്ലെന്നാണ് ഉത്തരം.വ്യക്തി ജീവിതത്തിൽ രണ്ടു തരത്തിൽ ജീവിക്കുന്നവരാണ് ഇവർ.ഒരാൾ കുടുംബസ്ഥനാണ് മറ്റേയാൾ അങ്ങനെയല്ല.എന്നാൽ രാഷ്ട്രീയത്തിൽ രണ്ടുപേരും ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങളാണ്.

ബന്ധങ്ങളിലൂടെ രാഷ്ട്രീയത്തിൽ വളർന്നുവന്നയാളാണ് നരേന്ദ്രമോഡി.തന്‍റെ രാഷ്ട്രീയഗുരു കേശുഭായി പട്ടേലിനെ മറികടന്നാണ് മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായത്.മോഡിയെ മുഖ്യമന്ത്രിയാക്കാൻ മുൻകൈ എടുത്ത എൽകെ അദ്വാനിയെ ഇന്ന് മാർഗദർശി പദവി നൽകി ഒതുക്കിയിരുത്തിയിരിക്കുകയാണ്.മോഡിയെ സ്കൂട്ടറിന് പുറകിലിരുത്തി അഹമ്മദാബാദിലെ തെരുവുകളിലുടെ വണ്ടിയോടിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തിയ പ്രവീൺ തൊഗാഡിയ ഇന്ന് ഹിന്ദുത്വ രാഷ്ട്രീയത്തിലെ കറിവേപ്പിലയാണ്.അത്തരത്തിൽ നിരവധി രാഷ്ട്രീയ നേതാക്കൾ നരേന്ദ്രമോഡിയുടെ ജീവിതത്തിലൂടെ കടന്നു പോകുകയും അപ്രസക്തരാവുകയും ചെയ്തിട്ടുണ്ട്.

1980കളുടെ മധ്യത്തിലാണ് മോഡി-ഷാ ബന്ധം ഊഷ്മളമാവുന്നത്.അവിടന്നങ്ങോട്ട് മോഡിയുടെ നി‍ഴലായി ഷായുണ്ട്.മൂന്ന് ദശാബ്ദങ്ങളായി മോഡി-ഷാ ബന്ധം തുടരുന്നു.മോഡി ഡൽഹിയിലും അമിത് ഷാ ഗുജറാത്തിലുമായിരുന്ന 1995-2001 കാലഘട്ടത്തിലും ബന്ധം സുദൃഡമായിരുന്നു.

മോഡിയുമായി ബന്ധപ്പെടുന്ന മിക്കവർക്കും ബന്ധത്തിൽ ഒരു കാലപരിധിയുണ്ടായിരുന്നു.മോഡിയുടെ വിശ്വസ്തയായിരുന്ന ആനന്ദിബെൻ പട്ടേൽ മോഡിക്ക് ശേഷം 2014ൽ ഗൂജറാത്തിലെ മുഖ്യമന്ത്രിയായി.എന്നാൽ ഇന്ന് ലഖ്നൗ രാജ്ഭവനിലാണ് മോഡിയുടെ പ‍ഴയ വിശ്വസ്ത.മോഡിയെ പ്രധാനമന്ത്രി പദത്തിലേക്കെത്തിക്കാനുളള പ്രചാരണത്തിന്‍റെ ബുദ്ധികേന്ദ്രം പ്രശാന്ത് കിഷോറിന്ന് പ്രതിപക്ഷ നിരയിലാണ്.പറഞ്ഞുവരുന്നത് മോഡിയോടൊപ്പം ഷായോളം സഞ്ചരിച്ച രാഷ്ട്രീയ നേതാവ് ഇല്ല എന്നതാണ്.

പ്രധാനമന്ത്രിക്ക് സ്ഥാപനപരമായി പ്രത്യക്ഷ രാഷ്ട്രീയത്തിലിടപെടാൻ പരിമിതികളുണ്ട്.ഗാന്ധി ഘാതകൻ നാഥൂറാം വിനായക് ഗോഡ്സെ ദേശസ്നേഹിയാണെന്ന പ്രഗ്യാസിംഗ് താക്കൂറിന്‍റെ ജൽപ്പനത്തെ പ്രത്യക്ഷമായി പിന്തുണയ്ക്കാൻ അദ്ദേഹത്തിന് ആകില്ല.കലാപത്തിന് ആഹ്വാനം ചെയ്യുന്ന വർഗീയ പ്രസ്താവനകളെ അദ്ദേഹത്തിന് പ്രത്യക്ഷത്തിൽ ന്യായീകരിക്കാൻ ആവില്ല.കലാപ സമയത്ത് ഇങ്ങനെയൊക്കെ പ്രവർത്തിക്കണം എന്ന് അദ്ദേഹത്തിന് പൊലീസിന് നേരിട്ട് നിർദേശം നൽകാനാവില്ല.രാഷ്ട്രീയ പ്രതിയോഗികളുടെ കേസ് വരുമ്പോൾ എങ്ങനെയാണ് പ്രവർത്തിക്കേണ്ടത് എന്ന് കേന്ദ്ര ഏജൻസികളോട് നേരിട്ട് നിർദേശം നൽകാൻ അദ്ദേഹത്തിന് ആവില്ല.ഇക്കാര്യങ്ങളിലൊക്കെ അദ്ദേഹത്തിന്‍റെ ഇംഗിതമനുസരിച്ച് പ്രവർത്തിക്കാൻ ഒരാൾ വേണം.

മോഡിക്ക് ഷായെന്ന പോലെ ഷായ്ക്ക് മോഡിയും വേണം.പരസ്പര പൂരകമായ രണ്ട് അധികാര കേന്ദ്രങ്ങളാണവ.മോഡിയില്ലെങ്കിൽ രാജ്നാഥ് സിംഗ്,നിതിൻ ഗഡ്കരി പോലെ ഉളള നേതാക്കളെ പോലാവും അമിത് ഷായും.നെഹ്രു-പട്ടേൽ,ഇന്ദിര-മൊറാർജി,മൻമോഹൻ-പ്രണബ് പോലെയുളള ആഭ്യന്തര കലഹങ്ങൾ മോഡിയും ഷായും തമ്മിലുണ്ട് എന്ന് വിശ്വസിക്കുക ബുദ്ധിമുട്ടാണ്.

രണ്ടാം സ്ഥാനക്കാരന് ഒന്നാം സ്ഥാനക്കാരനോട് തോന്നുന്ന അസൂയയോ ഒന്നാം സ്ഥാനക്കാരന് രണ്ടാം സ്ഥാനക്കാരനോട് തോന്നുന്ന ഭീതിയോ മോഡി-ഷാ ദ്വയത്തിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല.ഗുജറാത്തിലെ രാഷ്ട്രീയ അകത്തളങ്ങളിൽ പറഞ്ഞുകേൾക്കുന്ന ഒരു കഥയുണ്ട്.ഗുജറാത്ത് മുഖ്യമന്ത്രി പദത്തിന് അമിത് ഷായ്ക്ക് ആഗ്രഹമുണ്ടായിരുന്നുവത്രെ.ആരാകണം മുഖ്യമന്ത്രി എന്ന് സ്ഥാനമൊ‍ഴിയുന്ന മുഖ്യമന്ത്രി നരേന്ദ്രമോഡിയോടെ ചോദിച്ചപ്പോൾ അമിത് ഭായ് ഒ‍ഴിച്ച് മറ്റാരും എന്നായിരുന്നുവത്രെ മോഡിയുടെ ഉത്തരം.അമിത് ഷാ ഒന്നും മറുത്തും പറഞ്ഞില്ലത്രെ.പിന്നാലെ അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനായി. ഇന്ന് രാജ്യത്തിന്‍റെ ആഭ്യന്തരമന്ത്രിയും.

ഈ ദ്വയത്തിന് ഒരു പൂർവ മാതൃക ചരിത്രത്തിൽ നിന്ന് നമ്മുക്ക് കണ്ടെത്താനാവും.ജർമ്മൻ ഏകാധിപതി ഹിറ്റ്ലറും അദ്ദേഹം ജീവനൊടുക്കിയതിന് പിറ്റേ ദിവസം അതേപാത പിന്തുടർന്ന സാക്ഷാൽ ഗീബൽസും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here