കൊവിഡ്-19: ഇന്ത്യയില്‍ മൂന്ന് പേര്‍ക്ക് കൂടി വൈറസ് ബാധ; അമേരിക്കയില്‍ നാല് മരണം കൂടി; മുഖാവരണമിട്ട് ലോക ജനത

ദില്ലി: രാജ്യത്ത്‌ മൂന്നുപേർക്കുകുടി കോവിഡ്‌ 19 സ്ഥിരീകരിച്ചു. ഡൽഹിയിലും തെലങ്കാനയിലും ജയ്‌പൂരിലും ഒരോരുത്തർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഡൽഹിയിൽ ഇറ്റലിയിൽനിന്ന്‌ മടങ്ങിയെത്തിയ ആളിലും തെലങ്കാനയിൽ യുഎഇയിൽനിന്നെത്തിയ ആൾക്കുമാണ്‌ രോഗം സ്ഥിരീകരിച്ചത്‌.

രാജസ്ഥാനിലെ ജയ്‌പൂരിൽ ഇറ്റലിക്കാരനായ സഞ്ചാരിക്കാണ്‌ രോഗബാധ. ഇതോടെ രാജ്യത്ത്‌ കോവിഡ്‌ 19 പിടിപെട്ടവരുടെ എണ്ണം ആറായി. ഇന്ത്യയിൽ കേരളത്തിനുപുറത്ത്‌ ആദ്യമായാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. രോഗം പൊട്ടിപ്പുറപ്പെട്ട ഘട്ടത്തിൽ ചൈനയിൽ നിന്നെത്തിയ തൃശൂർ, ആലപ്പുഴ, കാഞ്ഞങ്ങാട്‌ സ്വദേശികൾക്ക്‌ നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർ പൂർണമായി സുഖപ്പെട്ടു.

രോഗം സ്ഥിരീകരിച്ച മൂന്നുപേരുടെയും ആരോഗ്യനിലയിൽ ആശങ്കയില്ലെന്നും അവർ സൂക്ഷ്‌മനിരീക്ഷണത്തിലാണെന്നും കേന്ദ്രആരോഗ്യമന്ത്രി ഡോ. ഹർഷ്‌വർധൻ പറഞ്ഞു.

യാത്രകൾ ഒഴിവാക്കണം

കോവിഡ്‌ പടരുന്ന സാഹചര്യത്തിൽ സിങ്കപ്പുർ, ദക്ഷിണകൊറിയ, ഇറ്റലി, ഇറാൻ എന്നീ രാജ്യങ്ങളിലേയ്‌ക്ക്‌ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ്‌വർധൻ പറഞ്ഞു.

ദക്ഷിണകൊറിയ, ഇറ്റലി, ഇറാൻ എന്നിവിടങ്ങളിൽനിന്ന്‌ ഫെബ്രുവരി 10 മുതൽ എത്തിയവർക്ക്‌ 14 ദിവസത്തെ നിരീക്ഷണം വേണം. രോഗനിർണയത്തിന്‌ രാജ്യത്ത്‌ 15 പരിശോധനാകേന്ദ്രം സജ്ജമാക്കിയിട്ടുണ്ടെന്നും 19 എണ്ണംകൂടി സ്ഥാപിക്കുമെന്നും ആരോഗ്യസഹമന്ത്രി അശ്വനി ചൗബ അറിയിച്ചു. ഹെൽപ്പ്‌ ലൈൻ നമ്പർ: 011-2–-3978046. ഇ മെയിൽ: ncov2019@gmail.com

ഇറാനിലേക്ക്‌ വിദഗ്‌ധൻ

ഇറാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളുടെ ആരോഗ്യ പരിശോധനയ്‌ക്കായി പുണെയിൽനിന്ന്‌ വിദഗ്‌ധനെ അയക്കുമെന്ന്‌ വിദേശ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു.

മുഖാവരണമിട്ട് ലോകജനത

കോവിഡ്19 മരണസംഖ്യ 3000 കടന്നതോടെ വൈറസ്ബാധയെ പ്രതിരോധിക്കാൻ നടപടികൾ തീവ്രമാക്കി ലോകരാഷ്ട്രങ്ങൾ. 31 പേർകൂടി മരിച്ചതോടെ ചൈനയിൽ മരണസംഖ്യ 2943 ആയി.

പത്ത് രാജ്യങ്ങളിൽക്കൂടി കോവിഡ്19 മരണം സ്ഥിരീകരിച്ചു. രോഗബാധിതർ ലക്ഷത്തിലേക്ക്‌ എത്തുന്നു. യൂറോപ്യൻ യൂണിയൻ രോഗത്തെ അതീവ ഗുരുതര ഗണത്തിൽപ്പെടുത്തി ജാഗ്രത ശക്തമാക്കി.

ഇറാനിലെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമനേയിയുടെ ഉപദേശകസമിതി അംഗം മൊഹമ്മദ് മിർമൊഹമ്മദി കോവിഡ്19 ബാധിച്ചു മരിച്ചു. ഇറാനിൽ മരണം 66 ആയി.

1501 പേരിൽ സ്ഥിരീകരിച്ചു. ഇറാൻ വൈസ് പ്രസിഡന്റും ചികിത്സയിലാണ്. ചൈനയ്‌ക്കു പുറത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച ദക്ഷിണ കൊറിയയിൽ മരണം 26 ആയി.

അമേരിക്കയിൽ രോഗം ബാധിച്ച് നാല് പേര്‍ കൂടെ മരിച്ചതോടെ അമേരിക്കയില്‍ മരണം ആറായി. 12 സംസ്ഥാനങ്ങളിലായി 90 പേർക്ക് സ്ഥിരീകരിച്ചു.

34 പേർ മരിച്ച ഇറ്റലിയിലെ വിഖ്യാതമായ വിനോദസഞ്ചാരകേന്ദ്രങ്ങൾ വിജനമായി. ബ്രിട്ടനിൽ രോഗബാധിതരുടെ എണ്ണം 40 ആയി. ഇന്തോനേഷ്യ, ഐസ് ലാൻഡ്, പോർച്ചുഗൽ, അർമേനിയ, ചെക്ക് റിപ്പബ്ലിക്, യൂറോപ്യൻ ചെറുരാജ്യമായ അൻഡോറ എന്നിവിടങ്ങളിൽ പുതുതായി രോഗം സ്ഥിരീകരിച്ചു.

ആഗോള സമ്പദ്‌വ്യവസ്ഥയിൽ 2008 ലെ മാന്ദ്യത്തിന്‌ സമാനമായ സ്ഥിതിയാണ്‌ കൊറോണ സൃഷ്ടിക്കുന്നതെന്ന്‌ ആഗോള ഏജൻസിയായ ഇക്കണോമിക് കോർപറേഷൻ ആൻഡ്‌ ഡെവലപ്മെന്റ് (ഒഇസിഡി) മുന്നറിയിപ്പുനൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News