പെരിയ കൊലപാതകം; ക്രൈംബ്രാഞ്ച് കൃത്യമായി അന്വേഷണം നടത്തിയതായി മുഖ്യമന്ത്രി പിണറായി

പെരിയ കൊലപാതകത്തില്‍ ക്രൈംബ്രാഞ്ച് കൃത്യമായി അന്വേഷണം നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ഹൈക്കോടതി വിധിയില്‍ സര്‍ക്കാരിന് യോജിപ്പില്ലാത്തത് കൊണ്ടാണ് അപ്പീല്‍ പോയത്. അപ്പീലില്‍ തീരുമാനം വന്ന ശേഷമേ മറ്റ് നടപടികളിലേക്ക് കടക്കൂവെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തവാക്കി. എന്നാല്‍ സിബിഐയ്ക്ക് കേസ് ഡയറി കൈമാറാതെ സര്‍ക്കാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി പ്രതിപക്ഷം ആരോപിച്ചു.

പെരിയ കേസില്‍ 2019 മെയ് 5ന് ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി. കേസില്‍ ഒന്നു മുതല്‍ 11 വരെയുള്ള പ്രതികള്‍ ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഉത്തരവിന് എതിരായ അപ്പീല്‍ വാദം കേട്ടു വിധിക്കു മാറ്റുകയും ചെയ്തു. എന്നാല്‍ 2019 സെപ്തംബര്‍ 30ന് കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. സിബിഐ അന്വേഷണത്തിന് എതിരായ അപ്പീല്‍ കോടതിയുടെ പരിഗണനയിലാണ്. വിധിയില്‍ സര്‍ക്കാരിന് യോജിപ്പില്ല, അതുകൊണ്ടാണ് അപ്പീല്‍ പോയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അപ്പീലിന് സര്‍ക്കാരിന് അവകാശമുണ്ട്. ഇക്കാര്യത്തില്‍ ഒരു കോടതിയലക്ഷ്യവുമില്ല. അപ്പിലിന് സര്‍ക്കാരിന് അവകാശമുണ്ട്
നിയമപ്രകാരമാണ് ചെയ്തത്. സര്‍ക്കാര്‍ തീരുമാനപ്രകാരം അഭിഭാഷകരെ കൊണ്ട് വരുമ്പോള്‍ പൈസ കൊടുക്കും, ഇനിയും കൊടുക്കും.അപ്പീലില്‍ തീരുമാനം വന്ന ശേഷമേ മറ്റ് നടപടികളിലേക്ക് കടക്കൂ.

കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും പ്രതികളെ രക്ഷിക്കുകയാണ് ലക്ഷ്യമെന്നുമുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി.

ആരെങ്കിലും ഒരു വിടുവായത്വം പറഞ്ഞാല്‍ അത് ഏറ്റെടുത്ത് മറുപടി പറയാനാണോ സര്‍ക്കാര്‍ ഇരിക്കുന്നത്.
വിടുവായന്‍മാരെ കണ്ടു കൊണ്ടല്ല സര്‍ക്കാര്‍ മറുപടി പറയുന്നത്. വിടുവായന്‍മാര്‍ക്ക് അത് അലോസരമുണ്ടാക്കും.മുഖ്യമന്ത്രി ആശ്രയിക്കുക പൊലീസ് റിപ്പോര്‍ട്ടിനെ തന്നെയാണ്.

മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലിറങ്ങി. മന്ത്രി ഇ.പി ജയരാജന്‍ മോശം പരാമര്‍ശം നടത്തിയെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷവും രംഗത്തെത്തി. തുടര്‍ന്ന് സ്പീക്കര്‍ ഇടപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്. മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News