സിഎഎ; ഐക്യരാഷ്ട്രസഭ സുപ്രീംകോടതിയില്‍; കേസുകളില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിലുള്ള കേസുകളില്‍ കക്ഷി ചേരാന്‍ ഐക്യരാഷ്ട്ര മനുഷ്യാവകാശ കമീഷന്‍ അപേക്ഷ നല്‍കി. ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതിയുടെ ഹൈക്കമീഷണര്‍ മിഷേല്‍ ബഷേല്‍ അപേക്ഷ നല്‍കിയത്. ഇക്കാര്യം യുഎന്‍ കമീഷന്‍ അറിയിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

വിവാദമായ പൗരത്വ നിയമഭേദഗതിക്ക് എതിരെ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗണ്‍സില്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മനുഷ്യാവകാശ കൗണ്‌സില്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ വിദഗ്ദ അഭിപ്രായം പറയാനുണ്ടെന്നും സുപ്രീംകോടതി, സമിതിയുടെ അഭിപ്രായം കൂടി കേള്‍ക്കണം എന്നുമാണ് ആവശ്യം.

മനുഷ്യാവകാശ സമിതി ഹൈക്കമീഷണര്‍ മിഷേല്‍ ബഷേലാണ്‌സപ്രീംകോടതിയിലെ കേസില്‍ കക്ഷി ചേരുന്നതിന് അപേക്ഷ നല്‍കിയത്. കഴിഞ്ഞ ദിവസമാണ് അപേക്ഷ നല്‍കിയത്. അപേക്ഷ നല്‍കിയ വിവരം ഇന്നലെ വൈകുന്നേരം ജനീവയിലുള്ള ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ പ്രതിനിധിയെ അറിയിച്ചു.

ഹൈക്കമീഷണറിന്റെ ഓഫീസാണ് ഇന്ത്യന്‍ പ്രതിനിധിക്ക് വിവരം നല്‍കിയത്. ഇക്കാര്യം വിദേശ കാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. മനുഷ്യാവകാശ കൗണ്‍സില്‍ നടപടിയെ വിമര്‍ശിച്ച് ഇന്ത്യ രംഗത്ത് എത്തി. പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. നിയമ നിര്‍മാണം നടത്താനുള്ള പാര്‍ലമെന്റിന്റെ പരമാധികാരത്തിന്റെ ഭാഗമാണ്. ഇതില്‍ ഒരു വിദേശ കക്ഷിയുടെയും ഇടപെടല്‍ സാധുവല്ല.വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

പൗരത്വ നിയമഭേദഗതി ഭരണഘടനാപരമാണ്. അതിനാല്‍ സര്‍ക്കാര്‍ നടപടി സുപ്രീംകോടതി ശരിവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഐക്യ രാഷ്ട്രസഭാ മനുഷ്യാവകാശ കൗണ്‌സിലിനെ കേസില്‍ കക്ഷി ചേര്‍ക്കണമോയെന്നും സമിതിയുടെ അഭിപ്രായങ്ങള്‍ കേള്‍ക്കണമോ എന്നതിലും തീരുമാനമെടുക്കാന്‍ സുപ്രീംകോടതിക്ക് വിവേചനാധികാരമുണ്ട്.

സമിതി നടപടിക്ക് എതിരെ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ മനുഷ്യാവകാശ കൗണ്‍സിലിനെ കോടതി കേള്‍ക്കരുതെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉന്നയിക്കാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News