‘ഓള്‍ ദ ബെസ്റ്റ്, കൊറോണ വന്നേ’,പൊട്ടിച്ചിരിച്ച് ചാര്‍മി; ഒടുവില്‍ വിവാദ വീഡിയോയില്‍ മാപ്പ്

ലോകം മുഴുവന്‍ കൊറോണ ഭീതിയില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയിലും കൊറോണ സ്ഥിരീകരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ ആശങ്കയേറുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനിടെയാണ് കൊറോണ ബാധയെ പരിഹസിച്ചുകൊണ്ടുള്ള നടി ചാര്‍മി കൗറിന്റെ ടിക്ടോക്ക് വിഡിയോ ഏറെ വിവാദമായത്. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ ഈ വാര്‍ത്ത ടിക്ടോക്ക് വിഡിയോ ആയി ചാര്‍മി പോസ്റ്റ് ചെയ്തിരുന്നു.

ഒരു വലിയ തമാശ പൊട്ടിക്കുന്നത് പോലെ ‘ഓള്‍ ദ ബെസ്റ്റ് കൂട്ടുകാരെ, കാരണം കൊറോണ ഡല്‍ഹിയിലും തെലുങ്കാനയിലും എത്തിയിരിക്കുകയാണ്. അങ്ങനെയാണ് ഞാന്‍ കേട്ടത്, വാര്‍ത്തയിലും ഉണ്ട്. ഓള്‍ ദ ബെസ്റ്റ്, കൊറോണ എത്തിയിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ടായിരുന്നു നടി കൊറോണയെക്കുറിച്ച് സംസാരിച്ചത്.

ടിക്ടോക്ക് വിഡിയോ വൈറലായി മാറിയതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് നടിക്കെതിരെ ഉയര്‍ന്നത്. വളരെ ഗൗരവമായൊരു വിഷയത്തെ എങ്ങനെയാണ് ഇത്ര തമാശയായി അവതരിപ്പിക്കുകയെന്ന് ചോദിച്ച് നിരവധിയാളുകള്‍ രംഗത്തെത്തി. സംഭവം വഷളായതോടെ താരം തന്നെ മാപ്പ് പറഞ്ഞ് രംഗത്തെത്തി.

തന്റെ പക്വതയില്ലായ്മ കാരണമാണ് ഇത്തരമൊരു പ്രതികരണം നടത്തിയതെന്നും അതില്‍ മാപ്പ് ചോദിക്കുന്നതായും ചാര്‍മി പറഞ്ഞു. വിവാദ വിഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുമെന്നും താരം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel