പാലാരിവട്ടം അഴിമതി; ഇബ്രാഹിം കുഞ്ഞിനെതിരെ മൊഴി ആവർത്തിച്ച് ടി ഒ സൂരജ്

പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഇബ്രാഹിം കുഞ്ഞിനെതിരെ മൊഴി ആവർത്തിച്ച് ടി ഒ സൂരജ്.മന്ത്രിയായിരിക്കെ ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയാണ് കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതെന്ന് ടി ഒ സൂരജ് വിജിലൻസിന് വീണ്ടും മൊഴി നൽകി.

കരാർ കമ്പനിക്ക് മുൻകൂർ തുക നൽകിയത് മുൻ മന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്നും ടി സൂരജ് പറഞ്ഞു. ഇബ്രാഹിം കുഞ്ഞിന്റെ മൊഴിയിൽ കൂടുതൽ വ്യക്തതയ്ക്കു വേണ്ടി ചോദ്യം ചെയ്തതപ്പോഴാണ് സൂരജ് തന്റെ മൊഴി ആവർത്തിച്ചത്.

പാലാരിവട്ടം പാലം നിർമ്മാണ കരാർ ഏറ്റെടുത്ത ആർ ഡി എസ് കമ്പനിക്ക് കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമായി 8.25 കോടി രൂപ മുൻകൂർ തുക അനുവദിച്ചുവെന്നതാണ് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ പ്രധാന ആരോപണം. കേസിൽ നേരത്തെ അറസ്റ്റിലായ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജാണ് അഴിമതിയിൽ മുൻമന്ത്രിയുടെ പങ്ക് സംബന്ധിച്ച് ആദ്യം വിജിലൻസിനോട് വെളിപ്പെടുത്തിയത്.

മന്ത്രിയുടെ അറിവോടെയാണ് മുൻ കൂർ തുക അനുവദിച്ചതെന്നും പലിശയില്ലാതെ തുക നൽകാനാണ് മന്ത്രി നിർദേശിച്ചിരുന്നതെങ്കിലും പിന്നീട് 7 % പലിശ നിശ്ചയിച്ചത് താനാണെന്നുമായിരുന്നു സൂരജ് നൽകിയ മൊഴി.ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് രണ്ട് തവണ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തെങ്കിലും ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു.ടി ഒ സൂരജിന്റെ മൊഴി വസ്തുതാ വിരുദ്ധമാണെന്നായിരുന്നു ഇബ്രാഹിം കുഞ്ഞ് വിജിലൻസിനോട് പറഞ്ഞത്.

ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതക്കു വേണ്ടിയായിരുന്നു കേസിലെ നാലാം പ്രതിയും നിലവിൽ ജാമ്യത്തിൽ കഴിയുകയും ചെയ്യുന്ന ടി ഒ സൂരജിനെ വിജിലൻസ് വീണ്ടും വിളിച്ചു വരുത്തി 3 മണിക്കൂർ ചോദ്യം ചെയ്തത്.മുൻ മൊഴികൾ വിജിലൻസിനോട് ആവർത്തിച്ച സൂരജ് മന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുണ്ടെന്ന് മാധ്യമങ്ങളോടും പറഞ്ഞു.

ഇബ്രാഹിം കുഞ്ഞിനെതിരെ വീണ്ടും ശക്തമായ മൊഴിയും തെളിവുകളും ലഭിച്ച സാഹചര്യത്തിൽ മുൻ മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യാനാണ് വിജിലൻസിന്റെ നീക്കം.അതിനു മുൻപ് ഇബ്രാഹിം കുഞ്ഞിനെ പ്രതിചേർക്കുന്ന കാര്യത്തിലും തീരുമാനമുണ്ടായേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here