പാലക്കാട് മീന്‍ വണ്ടിയില്‍ ഒളിപ്പിച്ചു കടത്തിയ 2100 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

പാലക്കാട്: പാലക്കാട് വന്‍ സ്പിരിറ്റ് വേട്ട. മീന്‍ വണ്ടിയില്‍ ഒളിപ്പിച്ചു കടത്തിയ 2100 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. കൊല്ലം സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കൊല്ലം വേങ്ങരയിലെ ശ്യാമ പ്രസാദ് ഈസ്‌ററ് കല്ലടയിലെ രജിത് കുമാര്‍ എന്നിവരാണ് സ്പിരിറ്റ് കടത്താന്‍ ശ്രമിക്കുന്നതിനിടെ എക്‌സൈസിന്റെ പിടിയിലായത്.

പാലക്കാട് യാക്കരയില്‍ വെച്ചാണ് ബൊലേറോ പിക്കപ്പില്‍ മീനെന്ന വ്യാജേന കടത്താന്‍ ശ്രമിച്ച സ്പിരിറ്റ് പിടിച്ചെടുത്തത്. മീന്‍ സൂക്ഷിക്കുന്ന ബോക്‌സുകള്‍ക്കിടയില്‍ 36 ലിറ്ററിന്റെ 60 കന്നാസുകളിലാണ് സ്പിരിറ്റ് ഒളിപ്പിച്ചിരുന്നത്. അഴുകിയ മീന്‍ ബോക്‌സുകളില്‍ നിറച്ചിരുന്നു. പിടികൂടിയ സ്പിരിറ്റിന് വിപണിയില്‍ പത്ത് ലക്ഷം രൂപ വില വരും.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. ഒരാഴ്ച മുന്‍പ് തൃശൂര്‍ വാടാനപ്പള്ളിയിലേക്ക് പ്രതികള്‍ സ്പിരിറ്റ് കടത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രതികളെ നിരീക്ഷിച്ചു വരികയായിരുന്നു. പ്രതികള്‍ രണ്ട് പേരും നേരത്തെ സ്പിരിറ്റ് കടത്തിയ കേസില്‍ പ്രതികളാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ബാര്‍ വ്യവസായികള്‍ക്ക് വേണ്ടിയാണ് ഇവര്‍ സ്പിരിറ്റ് കടത്തുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ബാറില്‍ വീര്യം കൂട്ടി മദ്യം വില്‍പ്പന നടത്തുന്നതിനായി വ്യാജ മദ്യം നിര്‍മിക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. തമിഴ് നാട്ടില്‍ 30 രൂപ മാത്രം വില വരുന്ന ഒരു ലിറ്റര്‍ സ്പിരിറ്റ് കേരളത്തിലെത്തിച്ച് ലിറ്ററിന് 400 രൂപയ്ക്കാണ് ആവശ്യക്കാര്‍ക്ക് വില്‍പന നടത്തിയിരുന്നത്.

തമിഴ്‌നാട്ടിലെ പല്ലടം ഭാഗത്തു നിന്നും വാളയാര്‍ അതിര്‍ത്തി വഴിയാണ് സ്പിരിറ്റ് എത്തിച്ചത്. പൊള്ളാച്ചിയില്‍ നിന്നുള്‍പ്പെടെ രണ്ട് തവണയായി കേരളത്തിലേക്ക് കടത്താനായി സൂക്ഷിച്ചിരുന്ന 25,000 ലിറ്ററിലധികം സ്പിരിറ്റ് പിടികൂടിയിരുന്നു. ഒരു വര്‍ഷത്തിനിടെ പാലക്കാട് എക്‌സൈസ് ഐ ബി യുടെ നേതൃത്വത്തില്‍ പിടികൂടുന്ന അഞ്ചാമത്തെ സ്പിരിറ്റ് കേസാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News