കൊറോണ: രണ്ടാംഘട്ട നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം; വിദേശത്ത് നിന്ന് വരുന്നവര്‍ സഹകരിക്കണം, കരുതല്‍ ശക്തമാക്കും: മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് രണ്ടാഘട്ട നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപെടുത്തിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍.

ജനങ്ങള്‍ ജാഗ്രതയായിരിക്കുന്നതിന് ബോധവത്ക്കരണം ശക്തമാക്കും. മൂന്ന് ഷിഫ്റ്റുകളിലായി എയര്‍പോര്‍ട്ടുകളില്‍ പരിശോധന നടത്തുമെന്നും വിദേശത്ത് നിന്ന് വരുന്നവര്‍ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് 19 ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കന്‍ ആരോഗ്യവകുപ്പിനായി. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ രോഗം പടരുന്ന പശ്ചാത്തലത്തില്‍ രണ്ടാംഘട്ട നിരീക്ഷണ പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കയാണ്. ഭയപെടേണ്ട സാഹചര്യമില്ലെങ്കിലും ജനങ്ങള്‍ ജാഗ്രത തുടരണം.

എയര്‍പോര്‍ട്ടില്‍ മൂന്ന് ഷിഫ്ടായി പരിശോധന ശക്തിപ്പെടുത്തും, ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകള്‍ അതുപോലെ തന്നെ നിലനിര്‍ത്തും. ജീവനക്കാരേയും സജ്ജരാക്കി നിര്‍ത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജവ്യക്തമാക്കി.

നിരീക്ഷണം ശക്തമായി തുടരണമെന്നാണ് മുഖ്യമന്ത്രിയും നിര്‍ദേശം നല്‍കിയിട്ടുള്ളത്. കൊറോണ നിയന്ത്രണത്തില്‍ കേരളത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റുള്ള സംസ്ഥാനങ്ങള്‍ മാതൃകയാക്കുകയാണ്. കൊറോണ ബാധിത പ്രദേശത്ത് നിന്ന് വന്നവര്‍ സ്വമേധയാ മുന്നോട്ട് വരണം.

എല്ലാവരും സഹകരിച്ചാല്‍ സംസ്ഥാനത്തിന്റെ മൊത്തം പ്രശ്നമാകാതെ നമുക്ക് എല്ലാവരേയും സംരക്ഷിക്കാന്‍ സാധിക്കും. 28 ദിവസത്തെ നിരീക്ഷണത്തിന് സ്വയം സന്നദ്ധരാകണം.

അവരുടെ വ്യക്തിപരമായ സുരക്ഷയ്ക്കും സമൂഹത്തിന്റെ സുരക്ഷയ്ക്കും വേണ്ടി എല്ലാവരും ഒരിക്കല്‍ കൂടി സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. വിവധ ജില്ലകളിലായി 411 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 388 പേര്‍ വീടുകളിലും 12 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here