സൗദിയില്‍ കൊറോണ ബാധിച്ചയാള്‍ കിഴക്കന്‍ പ്രവിശ്യയില്‍; മെഡിക്കല്‍ മാസ്‌ക് കരിഞ്ചന്ത തടയാന്‍ നടപടികളാരംഭിച്ചു

സൗദിയില്‍ ആദ്യ കൊറോണ സ്ഥിരീകരിച്ചത് കിഴക്കന്‍ പ്രവിശ്യയില്‍. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗദി പൗരന്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. ഇറാന്‍ സന്ദര്‍ശിച്ച ഇദ്ദേഹം ഇക്കാര്യം അധികൃതരില്‍ നിന്നും മറച്ചുവെച്ചു.

മുന്‍കരുതലിന്റെ ഭാഗമായി സൗദി പൗരനെ പരിശോധിക്കുന്നതിന് ആരോഗ്യ മന്ത്രാലയം അയച്ച പകര്‍ച്ച വ്യാധി പ്രതിരോധ സംഘം സ്രവം ശേഖരിച്ചു നടത്തിയ പരിശോധനയിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി ഇടപെടല്‍ നടത്തിയ എല്ലാവരുടെയും സാമ്പിളുകള്‍ ശേഖരിച്ചു പരിശോധനക്കായി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രീവന്‍ഷന്‍ കോണ്‍ട്രോളിലേക്ക് അയച്ചിട്ടുണ്ട്.

കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട കിംവദന്തികള്‍ പരത്തിയാല്‍ 5 വര്‍ഷം തടവും 30 ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. വിവരങ്ങള്‍ ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നും തേടണമെന്നും സമൂഹ മാധ്യമങ്ങളിലൂടെയുള്ള കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതില്‍ പങ്കാളിയല്ല എന്ന് ഉറപ്പ് വരുത്തണമെന്നും മുന്നറിയിപ്പ് നല്‍കി. അതേ സമയം ആരോഗ്യ മന്ത്രാലയം ബോധവല്‍ക്കരണത്തിനായി പുറത്തിറക്കിയ വീഡിയോ പ്രചരിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ മാസ്‌ക് കരിഞ്ചന്ത തടയാന്‍ നടപടികള്‍ വാജിജ്യ മന്ത്രാലയം ആരംഭിച്ചു. മാസ്‌കുകളുടെ വില നിയന്ത്രിക്കാനും ക്ഷാമം അനുഭവപ്പെടാതെ ഇരിക്കാനുമാണ് നടപടി സ്വീകരിച്ചത്. വ്യക്തികള്‍ക്ക് മൂന്ന് ബോക്സില്‍ കൂടുതലും ആശുപത്രികള്‍ക്ക് പത്ത് ബോക്സിലും കൂടുതല്‍ വില്‍പ്പന നടത്തരുതെന്ന് വാണിജ്യ മന്ത്രാലയം നിര്‍ദേശിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട് ചെയ്തു.

അതേസമയം, കൊറോണയില്‍ നിന്നും സംരക്ഷണം നേടുന്നതിന് ഉപയോഗിക്കുന്ന മെഡിക്കല്‍, ലാബ് ഉല്‍പന്നങ്ങള്‍ വിദേശത്തേക്ക് കയറ്റി അയക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. കയറ്റി അയക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഉല്‍പന്നങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. കര അതിര്‍ത്തി എയര്‍പോര്‍ട്ട് വഴിയോ കടല്‍ മാര്‍ഗ്ഗമോ ഇവ കയറ്റി അയക്കുന്നത് നിര്‍ത്തിവെച്ചതായി സൗദി കസ്റ്റംസ് അറിയിച്ചു. കൊറോണ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് 937 നമ്പറില്‍ ബന്ധപ്പെടണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News