ബാഴ്സലോണയില്‍ വീണ്ടും പ്രശ്നങ്ങള്‍; ഒറ്റപ്പെട്ട് മെസി

എല്‍ ക്ലാസികോയില്‍ റയല്‍ മാഡ്രിഡിനോട് തോറ്റതിന് പിന്നാലെ ബാഴ്സലോണയില്‍ വീണ്ടും പ്രശ്നങ്ങള്‍ തലപൊക്കി. ക്യാപ്റ്റന്‍ ലയണല്‍ മെസിക്ക് പിന്തുണ കിട്ടുന്നില്ലെന്നാണ് ആരോപണം. പലപ്പോഴും മെസി ഒറ്റപ്പെട്ടു. നെയ്മര്‍ ഉള്‍പ്പെടെയുള്ള കളിക്കാരെ എത്തിക്കാനാണ് ബാഴ്സയുടെ നീക്കം. ഈ സീസണില്‍ നെയ്മര്‍ക്കായുള്ള ശ്രമം പരാജയപ്പെട്ടിരുന്നു.

പുതിയ പരിശീലകന്‍ ക്വിക്വെ സെതിയെന്‍ എത്തിയശേഷം ഏറെ പിന്‍വലിഞ്ഞാണ് മെസി കളിക്കുന്നത്. പന്ത് തിരിച്ചുപിടിക്കാനായി പിന്നിലേക്കിറങ്ങുന്നു. സഹായത്തിന് ആളില്ലാത്തത് കളിയെ ബാധിക്കുന്നുണ്ട്. ബാഴ്സ അമിതമായി ഈ അര്‍ജന്റീനക്കാരനെ ആശ്രയിക്കുകയാണ്.

സെതിയന്‍ വന്നതിനുശേഷമുള്ള കളികളില്‍ 70 ശതമാനം ഗോളും അവസരങ്ങളും മെസിയാണ് ഒരുക്കിയത്. ഗ്രനഡ, ലെഗനെസ്, ഐബര്‍ ടീമുകള്‍ക്കെതിരെ ഗോളടിച്ചപ്പോള്‍ ലെവന്റെ, റയല്‍ ബെറ്റിസ് ടീമുകള്‍ക്കെതിരെ അവസരവുമൊരുക്കി. 18 ഗോളുമായി ലീഗില്‍ ഒന്നാമതാണ്.

ക്ലാസികോയില്‍ മെസി മങ്ങിയപ്പോള്‍ ടീമും മങ്ങി. സെന്റര്‍ ബാക്ക്, വലതുബാക്ക്, മുന്നേറ്റക്കാര്‍ എന്നിവയാണ് ബാഴ്സയ്ക്ക് ആവശ്യം. അടുത്ത താരകൈമാറ്റ വിപണിയില്‍ നെയ്മറെ എത്തിക്കാനാണ് നീക്കം. ഇന്റര്‍ മിലാനിലെ അര്‍ജന്റീനക്കാരന്‍ ലൗതാരോ മാര്‍ട്ടിനെസ് ആണ് മറ്റൊരു മുന്നേറ്റക്കാരന്‍.

വലതുബാക്ക് സ്ഥാനത്ത് ഡാനി ആല്‍വേസിനുശേഷം മികച്ചൊരു കളിക്കാരനെ ബാഴ്സയ്ക്ക് കിട്ടിയിട്ടില്ല. സെന്റര്‍ ബാക്ക് സ്ഥാനത്ത് സാമുവല്‍ ഉംറ്റിറ്റി, ജെറാര്‍ഡ് പിക്വെ, ക്ലമെന്റ് ലാങ്ലെറ്റ് എന്നിവര്‍ മാത്രമാണ് നിലവിലുള്ളത്.

മധ്യനിരയിലാണ് ബാഴ്സയുടെ പ്രശ്നങ്ങള്‍ കൂടുതല്‍. സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മോശം പ്രകടനത്തിലാണ്. ഫ്രെങ്കി ഡി യോങ്ങും ആര്‍തറും സ്ഥിരത കാട്ടുന്നില്ല. ഇവാന്‍ റാകിടിച്ചും മങ്ങി. സ്പാനിഷ് ലീഗില്‍ റയലിന് പിന്നില്‍ രണ്ടാമതാണ് ബാഴ്സ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News