കൊറോണ പടരുന്നു; ഇന്ത്യയില്‍ 15 ഇറ്റാലിയന്‍ സ്വദേശികള്‍ക്ക് കൂടി കൊവിഡ് 19; രാജ്യത്ത് രോഗബാധിതര്‍ 18

ദില്ലി: ഇന്ത്യയിലെത്തിയ 15 ഇറ്റാലിയന്‍ സ്വദേശികള്‍ക്കുകൂടി കൊറോണ വൈറസ് രോഗമായ കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 18 ആയി.

രോഗസംശയത്തെ തുടര്‍ന്ന് ചവ്ല ക്യാമ്പിലേക്ക് മാറ്റിയ 21 ഇറ്റലിക്കാരില്‍ 15 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയാണ് 21 പേരെ നിരീക്ഷണ ക്യാമ്പിലേക്ക് മാറ്റിയത്. കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഉച്ചക്ക് 12 ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ വാര്‍ത്താസമ്മേളനം നടത്തും.

ഡല്‍ഹി, കൊല്‍ക്കത്ത, മുംബയ്, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി വിമാനത്താവളങ്ങളില്‍ എത്തുന്നവരെ നിലവില്‍ തെര്‍മല്‍ സ്‌ക്രീനിംഗ് അടക്കമുള്ള പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്.കൂടാതെ തിരുവനന്തപുരം ഉള്‍പ്പടെ 12 വിമാനത്താവളങ്ങളില്‍ കൂടി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

അതേസമയം നോയിഡയില്‍ കൊറോണ ബാധിച്ചയാളുടെ കുടുംബത്തിലെ അഞ്ചുപേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. നോയിഡ സ്വദേശി ഇറ്റലി സന്ദര്‍ശിച്ചിരുന്നു. ഇതിന് പുറമെ രാജസ്ഥാനില്‍ എത്തിയ ഇറ്റാലിയന്‍ സ്വദേശി, ദുബായിയില്‍ നിന്ന് വന്ന തെലങ്കാന സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.

ലോകത്ത് കൊവിഡ് 19 വൈറസ് ബാധയേറ്റവരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുന്നു. 92,615 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയേറ്റത്. ഇതില്‍ 80,151 പേരും ചൈനയിലാണ്. 2,943 പേരാണ് ചൈനയില്‍ മാത്രം ഇതുവരെ മരിച്ചത്അമേരിക്കയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.

ഇറ്റലിയില്‍ 79ഉം ഇറാനില്‍ 77ഉം വൈറസ് ബാധിതര്‍ മരിച്ചു. ഇതിനിടെ ജയിലില്‍ രോഗം പരടുന്നത് തടയുന്നതിന്റെ ഭാഗമായി ഇറാനില്‍ അരലക്ഷത്തില്‍ അധികം തടവുകാരെ പരോള്‍ നല്‍കി പുറത്തിറക്കി.

കൂടുതല്‍ രാജ്യങ്ങളിലേക്ക് കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. കൂടുതല്‍ രാജ്യങ്ങളില്‍നിന്ന് ആളുകള്‍ തിരികെയെത്താന്‍ സാധ്യതയുണ്ട്.

വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. ഇതിനായി കൂടുതല്‍ ആളുകളെ നിയോഗിക്കും. 12 രാജ്യങ്ങളില്‍നിന്ന് എത്തുന്നവരെ പരിശോധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News