‘കൊറോണയെ തടയാന്‍ ‘ഗോമൂത്ര സല്‍ക്കാരം’ നടത്തും; മൃഗങ്ങള്‍ സഹായത്തിനു വേണ്ടി കരയുന്നത് കേട്ടാണ് കൊറോണ വന്നത്’: വിചിത്ര വാദവുമായി ഹിന്ദുമഹാസഭ

ദില്ലി: ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാന്‍ ‘ഗോമൂത്ര സല്‍ക്കാരം’ സംഘടിപ്പിക്കുമെന്ന് ഹിന്ദു മഹാസഭ. ചായ സത്കാരങ്ങളുടെ രീതിയിലാവും പരിപാടി സംഘടിപ്പിക്കുയെന്ന് ഹിന്ദു മഹാസഭ പ്രസിഡന്റ് ചക്രപാണി മഹാരാജ് പറഞ്ഞു.

ചൊവ്വാഴ്ചയോടെ രാജ്യത്ത് ആറാമത്തെ കൊറോണ രോഗബാധയും സ്ഥിരീകരിച്ച സലാഹചര്യത്തിലാണ് ഹിന്ദുമഹാസഭയുടെ പ്രഖ്യപനം. കൊറോണ വ്യാപനം തടയാനായി സ്വീകരിച്ച മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തതിന് പിറകെയാണ് ഹിന്ദു മഹാസഭ കൊറോണ തടുക്കാന്‍ ഗോമൂത്ര സല്‍ക്കാരം എന്ന ആശയം അവതരിപ്പിക്കുന്നത്.

ഗോമൂത്രത്തിന് പുറമെ ചാണകവും കൊറോണ വൈറസിനുള്ള ഔഷധമാകും എന്ന വിചിത്ര വാദമാണ് ഹിന്ദു മഹാസഭ അവകാശപ്പെടുന്നത്.

‘ചായ സത്കാരം പോലെ തന്നെ ഗോമൂത്ര സല്‍ക്കാരവും സംഘടിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. അവിടെ എത്തുന്ന ജനങ്ങള്‍ക്ക് കൊറോണ വൈറസിനെ പറ്റി പറഞ്ഞു മനസ്സിലാക്കികൊടുക്കും. പശുവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് വഴി എങ്ങനെ കൊറോണ വൈറസിനെ അകറ്റാമെന്നും പറഞ്ഞു കൊടുക്കും, ചക്രപാണി മഹരാജ് പറഞ്ഞു.

ആദ്യം ദില്ലിയിലാണ് പരിപാടി സംഘടിപ്പിക്കുക. പിന്നീട് രാജ്യത്തിന്റെ പല ഭാഗങ്ങളിലും പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനമെന്നും ചക്രപാണി പറഞ്ഞു. കോഴിയിറച്ചി കഴിച്ചതാണ് ഇന്ത്യയിലേക്ക് കൊറോണ വരാന്‍ കാരണമെന്നും ‘മൃഗങ്ങള്‍ സഹായത്തിനു വേണ്ടി കരയുന്നത് കേട്ടാണ് കൊറോണ വന്നതെന്നും ചക്രപാണി പറഞ്ഞു.

നേരത്തെ കേരളത്തില്‍ പ്രളയം വന്നത് ബീഫ് തിന്നുന്നതുകൊണ്ടാണെന്ന ചക്രപാണിയുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു. മാംസാഹാരം കഴിക്കുന്നവരെ ശിക്ഷിക്കാനെത്തിയ അവതാരമാണ് കൊറോണയെന്ന വിവാദപ്രസ്താവനയും ചക്രപാണിയുടേതാണ്.

പശുവിന്റെ ചാണകം കൊറോണക്കുള്ള ഔഷധമാണെന്ന് അസമില്‍ നിന്നുള്ള ബിജെപി എംഎല്‍എ സുമന്‍ ഹരിപ്രിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News