കൊറോണ ഭീതി: ഇറ്റാലിയന്‍ കപ്പല്‍ കൊച്ചിയില്‍; 459 യാത്രക്കാര്‍ ഇറങ്ങി

കൊച്ചി: കൊറോണ വൈറസ് ബാധയുടെ ഭീതിക്കിടെ ഇറ്റലിയില്‍ നിന്നുള്ള കപ്പല്‍ കൊച്ചി തുറമുഖത്തെത്തി.

ഇറ്റാലിയന്‍ ആഡംബര കപ്പലായ കോസ്റ്റ് വിക്ടോറിയ കപ്പലാണ് കൊച്ചി തീരത്തെത്തിയത്. കപ്പലില്‍ നിന്ന് 305 ഇന്ത്യക്കാരുള്‍പ്പെടെ 459 യാത്രക്കാര്‍ കൊച്ചിയിലിറങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

എല്ലാ യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കിയതായും തുറമുഖ അധികൃതര്‍ വ്യക്തമാക്കി.

ദീര്‍ഘകാലമായി കപ്പല്‍ ഇറ്റലിയിലേക്ക് പോയിട്ടില്ലെന്നും മാലി ദുബായ് റൂട്ടിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കപ്പല്‍ സഞ്ചരിച്ചിട്ടുള്ളതെന്നുമാണ് അധികൃതര്‍ പറയുന്നത്. പരിശോധനക്ക് ശേഷം കപ്പല്‍ കൊച്ചി തീരം വിട്ട് തിരിച്ചു പോയതായും അവര്‍ അറിയിച്ചു.

അതേസമയം, ഇന്ത്യയിലെത്തിയ 15 ഇറ്റാലിയന്‍ സ്വദേശികള്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 18 ആയി.

രോഗസംശയത്തെ തുടര്‍ന്ന് ചവ്ല ക്യാമ്പിലേക്ക് മാറ്റിയ 21 ഇറ്റലിക്കാരില്‍ 15 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയാണ് 21 പേരെ നിരീക്ഷണ ക്യാമ്പിലേക്ക് മാറ്റിയത്.

ദില്ലി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി വിമാനത്താവളങ്ങളില്‍ എത്തുന്നവരെ നിലവില്‍ തെര്‍മല്‍ സ്‌ക്രീനിംഗ് അടക്കമുള്ള പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. കൂടാതെ തിരുവനന്തപുരം ഉള്‍പ്പടെ 12 വിമാനത്താവളങ്ങളില്‍ കൂടി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

ലോകത്ത് വൈറസ് ബാധയേറ്റവരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുകയാണ്. 92,615 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയേറ്റത്. ഇതില്‍ 80,151 പേരും ചൈനയിലാണ്. 2,943 പേരാണ് ചൈനയില്‍ മാത്രം ഇതുവരെ മരിച്ചത്. അമേരിക്കയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. ഇറ്റലിയില്‍ 79ഉം ഇറാനില്‍ 77ഉം വൈറസ് ബാധിതര്‍ മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News