
ദില്ലി കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഹൈക്കോടതി ഉടന്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി. വെള്ളിയാഴ്ച കേസുകള്‍ പരിഗണിക്കാനാണ് നിര്‍ദേശം.
ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹര്‍ജി പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി ഏപ്രില്‍ 13ലേക്ക് മാറ്റിയിരുന്നു. കേസ് ദീര്‍ഘ കാലത്തേക്ക് മാറ്റി വച്ച ഹൈക്കോടതി നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടല്‍.
കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഹൈക്കോടതി ഉടന്‍ പരിഗണിക്കാനാണ് സുപ്രീംകോടതി ഉത്തരവ്. കേസുകള്‍ ഹൈക്കോടതി വേഗം പരിഗണിച്ച് തീരുമാനം എടുക്കണം എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവില്‍ പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാന്‍ സാധ്യമാകുന്ന എല്ലാ സാധ്യതകളും ഹൈക്കോടതി ഉപയോഗപ്പെടുത്തണം എന്നും കോടതി നിര്‍ദേശിച്ചു.
ദീര്‍ഘകാലത്തേക്ക് കേസ് നീട്ടി വച്ച ഹൈക്കോടതി ഉത്തരവ് നീതീകരിക്കാന്‍ ആകില്ല എന്ന് നിരീക്ഷിച്ച സുപ്രീംകോടതി വിഷയം വേഗം പരിഗണിക്കണമെ ന്ന ആവശ്യം നീതിയുക്തം എന്നും വ്യക്തമാക്കി. കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ അവരുടെ അധികാര പരിധിയില്‍ കൈകടത്തുന്നില്ല എന്നും കോടതി പറഞ്ഞു.
ഹൈക്കോടതി വെള്ളിയാഴ്ച കേസ് പരിഗണിക്കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തു എങ്കിലും ഈ എതിര്‍പ്പ് കോടതി തള്ളി. കേസില്‍ വാദം പുരോഗമിക്കവെ ഇപ്പോഴെങ്കിലും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത്കൂടെ എന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിക്കുകയുണ്ടായി.
ഇപ്പോള്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ അത് നിലവിലെ അന്തരീക്ഷത്തെ ബാധിക്കുമെന്നായിരുന്നു സര്‍ക്കാര്‍ മറുപടി. ഇതിനിടെ വാദിയെ പ്രതിയാക്കാനും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ശ്രമം നടത്തി. ഹര്‍ജിക്കാരന്‍ ആയ ഹര്‍ഷ് മന്ദര്‍ സുപ്രീംകോടതിക്കും പാര്‍ലമെന്റിനും എതിരെ നടത്തിയ പരാമര്‍ശങ്ങള്‍ കേന്ദ്രം കോടതിയെ അറിയിച്ചു.
ആരോപണത്തില്‍ വ്യക്തത വരാതെ ഹര്‍ഷ് മന്ദറിനെ കേള്‍ക്കാന്‍ ആകില്ല എന്ന് ചീഫ് ജസ്റ്റിസ് നിലപാട് എടുത്തു. തുടര്‍ന്ന് കലാപത്തിന് ഇരയായവര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‌സാല്വസ് ആയിരുന്നു വാദിച്ചത്.
കോടതിയില്‍ തുടരെ തുടരെ എതിര്‍പ്പുകള്‍ ഉന്നയിച്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ നടപടിയില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. ഉത്തരവ് ഇടാന്‍ എങ്കിലും വിടൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനോട് കോടതിക്ക് പറയേണ്ടി വന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here