വെട്ടിക്കൊല്ലും; മുഖ്യമന്ത്രി പിണറായിക്ക് വധഭീഷണി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് ഭീഷണി കത്ത് എത്തിയത്.

മുഖ്യമന്ത്രിയെ വെട്ടിക്കൊല്ലുമെന്നാണ് കത്തില്‍ പറയുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിച്ചാല്‍ വധിക്കുമെന്നും കത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തുള്ള ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വധഭീഷണി കത്തെത്തിയത്.

പോപ്പുലര്‍ ഫ്രണ്ടിനെയും എസ് ഡി പിഐയെയും നിങ്ങള്‍ വിമര്‍ശിച്ചു. കേരളത്തിലായത് കൊണ്ടാണ് ഇത് നടക്കുന്നതെന്നും നിങ്ങളുടെ മുഖ്യമന്ത്രി പിണറായി വിജയനെ ഞങ്ങള്‍ വെട്ടിക്കൊല്ലുമെന്നുമാണ് കത്തില്‍ ഭീഷണിപ്പെടുത്തുന്നത്.

എല്ലാ ആയുധ പരിശീലനവും ഞങ്ങള്‍ക്ക് കിട്ടിയിട്ടുള്ളതാണെന്നും ഞങ്ങള്‍ ആരാണെന്ന് നിങ്ങള്‍ ഉടനെ മനസിലാക്കുമെന്നും കത്തില്‍ പറയുന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനും വധഭീഷണിയുണ്ട്. ഇനിയൊരക്ഷരം കെമാല്‍പാഷക്കെതിരെ പറഞ്ഞാല്‍ വീട്ടില്‍ കയറി വെട്ടുമെന്നാണ് ഭീഷണി.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി കടുത്ത വിമര്‍ശനമാണ് എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് വിഭാഗങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി ഉന്നയിച്ചിരുന്നത്. ഒരു വര്‍ഗീയതക്ക് ബദല്‍ മറ്റൊരു വര്‍ഗ്ഗീയതയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഈ ഭീഷണികത്ത് എന്നുള്ളതും കാണേണ്ടതാണ്.

ഭീഷണികത്തില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഭീഷണി സന്ദേശത്തിന്റെ ഉറവിടത്തെ കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here