ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്‍റെ കസ്റ്റഡി മരണം; കുല്‍ദീപ് സെന്‍ഗാര്‍ കുറ്റക്കാരന്‍

ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്റെ കസ്റ്റഡി കൊലപാതത്തിൽ മുൻ ബിജെപി എം എൽ എ കുൽദീപ് സെൻഗർ കുറ്റക്കാരൻ എന്ന് കോടതി.

സെൻഗർ അടക്കുള്ള 7 പേരാണ് കുറ്റക്കാർ. 4 പേരെ വെറുതെ വിട്ടു. പ്രതികൾക്ക് എതിരെ മനപൂർവമല്ലാത്ത നരഹത്യ, ക്രിമിനൽ ഗൂഢാലോചന കുറ്റങ്ങൾ തെളിഞ്ഞതായി കോടതി. പ്രതികളുടെ ശിക്ഷയിൽ പിന്നീട് തീരുമാനം ഉണ്ടാകും

രാജ്യത്തെ ഞെട്ടിച്ച ഉന്ന്വ് സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിലാണ് മുൻ ബിജെപി എം എൽ എ കുൽദീപ് സെൻഗർ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയത്.

2018 ഏപ്രിൽ ആറിന് പെണ്‍കുട്ടിയുടെ പിതാവിനെ കുൽദീപ് സെൻഗറിന്റെ സഹോദരൻ അതുൽ സെൻഗറും കൂട്ടാളികളും മർദ്ദിച്ചു. കുൽദീപ് സെൻഗറിന് എതിരെ ബലാത്സംഗ കേസുമായി മുന്നോട്ട് പോകുന്നതിനാലായിരുന്നു മർദ്ദനം.

സംഭവത്തിൽ പിതാവിനെതിരെ അതുൽ സെൻഗർ പരാതി നൽകുകയും പോലീസ് പെണ്കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഈ കേസിൽ കസ്റ്റഡിയിലിരിക്കവെ 2018 ഏപ്രിൽ 9ന് പെണ്കുട്ടിയുടെ പിതാവ് കൊല്ലപ്പെട്ടു എന്നാണ് കേസ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നിൽ പെണ്കുട്ടി ആത്മഹത്യ ശ്രമം നടത്തിയ തൊട്ടടുത്ത ദിവസമായിരുന്നു മരണം.

ഈ കേസിലാണ് മുൻ ബിജെപി എം എൽ എ കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തിയത്. 11 പ്രതികൾ ഉണ്ടായിരുന്ന കേസിൽ 4 പേരെ കോടതി വെറുതെ വിട്ടു.

കുൽദീപ് സെൻഗറിന്റെ സഹോദരൻ അതുൽ സെൻഗറും കസ്റ്റഡി മർദനം നടത്തിയ പോലീസുകാരും കുറ്റക്കാർ ആണെന്ന് കോടതി കണ്ടെത്തി.

സെൻഗറിന് എതിരെ മനപൂർവം അല്ലാത്ത നരഹത്യ, ക്രിമിനൽ ഗൂഢാലോചന കുറ്റങ്ങൾ തെളിഞ്ഞതായി ദില്ലി തീസ് ഹസാരി കോടതി ജഡ്ജ് ധർമേഷ് ശർമ്മ പറഞ്ഞു. പ്രതികളുടെ ശിക്ഷ തീരുമാനിക്കാൻ കോടതി പിന്നീട് വാദം കേൾക്കും.

നേരത്തെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ കുൽദീപ് സെൻഗറിന് കഴിഞ്ഞ ഡിസംബറിൽ ഇതേ കോടതി മരണം വരെ തടവ് വിധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News